കോട്ടയം ഈരയിൽകടവിൽ യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് വ്യാജ ഫോൺ സന്ദേശം ; പോലീസിനെയും മാധ്യമ പ്രവർത്തകരേയും വട്ടം കറക്കിയ സംഭവ ബഹുലമായ നിമിഷങ്ങൾ ; ഒടുവിൽ ഗംഭീര ട്വിസ്റ്റ് ; പ്രണയാതുരരും വിവാഹിതരുമായ കമിതാക്കളെ കണ്ടെത്തി പൊലീസ്

കോട്ടയം: തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ കോട്ടയം ഈരയിൽക്കടവിൽ നടുറോഡിൽ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമമെന്ന് ഫോൺ സന്ദേശം പൊലീസ് കൺട്രോൾ റൂമിലും, ജാഗ്രത ന്യൂസ് ലൈവ് അടക്കമുള്ള മാധ്യമങ്ങളുടെ ഓഫിസിലും എത്തി. സംഭവം കേട്ടതിന് പിന്നാലെ പൊലീസും, മാധ്യമ പ്രവർത്തകരും ഈരയിൽക്കടവിലേയ്ക്ക് പാഞ്ഞു. പിങ്ക് പൊലീസിന്റെയും കോട്ടയം ചിങ്ങവനം ഈസ്റ്റ് പൊലീസിന്റെയും വാഹനം അതിവേഗം സംഭവ സ്ഥലത്ത് കുതിച്ചെത്തി. ലൈറ്റിട്ട് മിന്നിച്ച് അഞ്ചു പൊലീസ് വാഹനങ്ങളാണ് ഈരയിൽക്കടവ് റോഡിൽ നിറഞ്ഞത്. എന്നാൽ, ‘തട്ടിക്കൊണ്ടു പോകലിന്’ വിധേയയായ യുവതി വായ് തുറന്നതോടെ ചിരിച്ച് ചിരിച്ച് തല കുത്തി പോയി പൊലീസും മാധ്യമപ്രവർത്തകരും. നിമിഷ നേരം കൊണ്ട് കോട്ടയത്തെ മുഴുവൻ ആശങ്കയുടെ മുൾ മുനയിൽ നിർത്തിയ തട്ടിക്കൊണ്ടു പോകൽ നാടകം അവസാനം കൂട്ടച്ചിരിയിൽ തീർന്നു. ഇതിനിടെ തട്ടിക്കൊണ്ടു പോകൽ കണ്ട് പൊലീസിനു നാട്ടുകാർക്കും ഫോൺ ചെയ്ത ദൃക്‌സാക്ഷി സംഭവ സ്ഥലത്ത് നിന്ന് മുങ്ങുകയും ചെയ്തു.

Advertisements

ചിങ്ങവനം കുറിച്ച് ഭാഗത്ത് താമസിക്കുന്ന യുവതിയും യുവാവുമായിരുന്നു കഥയിലെ നായകനും നായികയും. വിവാഹിതരും കുട്ടികളുടെ മാതാവും പിതാവുമായ യുവതിയും യുവാവും നാളുകളായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ സ്‌കൂട്ടറിൽ പകൽ മുഴുവൻ കറങ്ങി നടന്ന് സ്‌നേഹം പങ്കു വച്ച ഇരുവരും വൈകിട്ടോടെ ഈരയിൽക്കടവിൽ എത്തി. ഈരയിൽക്കടവിലെ കാറ്റേറ്റ് അൽപ നേരം കൂടി ഇരുന്ന ശേഷം യുവതി യാത്ര പറഞ്ഞിറങ്ങി. ഈ സമയം സ്‌നേഹ സമ്പന്നനായ യുവാവ് യുവതിയെ വീട്ടിലേയ്ക്ക് കൊണ്ടു വിടാം എന്ന് വാഗ്ദാനം ചെയ്തു. എന്നാൽ, മറ്റൊരാളുടെ ബൈക്കിൽ താൻ പൊയ്‌ക്കോളാമെന്നായി യുവതി. ഇതോടെ കാമുകൻ കലിപ്പനായി.. കാമുകി കാന്താരിയായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നടുറോഡിൽ കിടന്ന് രണ്ടു പേരും തമ്മിൽ പിടിയും വലിയുമായി. വൈകുന്നേരം സമയമായതുകൊണ്ടു തന്നെ ഇതുവഴി നടക്കാനെത്തുന്നവരും ഈ പിടിവലിക്കാഴ്ച കണ്ടു. പിടിവലി ചെറിയ കയ്യാങ്കളിയിലേയ്ക്കും, കരച്ചിലേലിലേയ്ക്കും നിലവിളിയിലേയ്ക്കും നീണ്ടതോടെ വിളി പൊലീസിലേയ്ക്കും പോയി. പിന്നാലെ പൊലീസ് വണ്ടിയും ഒപ്പം മാധ്യമപ്രവർത്തകരും എത്തി. പൊലീസിനെ കണ്ടതോടെ കമിതാക്കൾ ഒന്ന് ഞെട്ടി. പിന്നെ പെട്ടന്ന് അവർ തമ്മിൽ കൂട്ടായി.. ഒന്നുമില്ല സാറേ.. എല്ലാം സ്‌നേഹത്തിന്റെ പുറത്തുള്ള പ്രശ്‌നങ്ങൾ. സ്‌നേഹമുള്ളടത്തല്ലേ സാറേ ഇണക്കവും പിണക്കവും ഉണ്ടാകൂ..! രണ്ടു പേരുടെയും വീട്ടിൽ വിളിച്ചു പറയട്ടെ എന്നൊരു താക്കീതും നൽകിയ ശേഷം പൊലീസ് ഇരുവരെയും പറഞ്ഞു വിട്ടു.

Hot Topics

Related Articles