കൊടുങ്ങല്ലൂർ: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം കാണാതായെന്ന പരാതിയിൽ വമ്പൻ വഴിത്തിരിവ്. കാണാതായ സ്വർണം പരാതിക്കാരുടെ ബന്ധുവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തി. സ്വർണം ബന്ധുവിന്റെ വീട്ടിൽ മറന്നുവെച്ചതാണെന്നും കണ്ടെത്തിയെന്നും ഉടമ പൊലീസിനെ അറിയിച്ചു.
കൊടുങ്ങല്ലൂർ സഹകരണ ബാങ്കിൻ്റെ അഴീക്കോട് ശാഖയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കാണാതായെന്ന് ചൂണ്ടിക്കാട്ടി എടമുട്ടം നെടിയരിപ്പിൽ സുനിതയും അമ്മ അഴീക്കോട് പോണത്ത് സാവിത്രിയുമാണ് പൊലീസിൽ പരാതി നൽകിയത്. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടപ്പെട്ട ആരോപണത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ടൗൺ ബാങ്ക് അധികൃതർ പൊലീസിൽ പരാതി നൽകിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രാഥമികാ അന്വേഷണം നടക്കുന്നതിനിടയിലാണ് ആഭരണം നഷ്ടപ്പെട്ടിട്ടില്ലെന്ന് സുനിത പൊലീസിനെ ഫോൺവിളിച്ച് അറിയിക്കുകയും ശേഷം സ്റ്റേഷനിൽ എത്തി എഴുതി നൽകുകയും ചെയ്തു. ശനിയാഴ്ച ഉച്ചയോടെയാണ് സ്വർണം ലഭിച്ചതായി പൊലീസിനെ അറിയിച്ചത്. വലപ്പാട് ബീച്ചിനടുത്തുള്ള ബന്ധുവീട്ടിലെ അലമാരയിൽ സുനിതയുടെ ആധാരങ്ങളും വീടിന്റെ സ്കെച്ചും മറ്റും സൂക്ഷിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ഇതെടുക്കാൻ അലമാര തുറന്നപ്പോൾ 50 പവൻ കണ്ടെത്തിയെന്നാണ് പരാതിക്കാർ പൊലീസിനോട് പറഞ്ഞത്.
വലപ്പാട്ടെത്തി സ്വർണാഭരണങ്ങൾ പരിശോധിച്ച് പൊലീസ് ഉറപ്പുവരുത്തി സംഭവത്തിൽ ബാങ്കിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാതിയിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് അധികൃതരുടെ തീരുമാനം. ഉടമകളുടെ ബന്ധുവിന്റെ വീട്ടിൽ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്നതായി പറയുന്നതിൽ ദൂരൂഹതയുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു.