ചെന്നൈ : സതേണ്‍ ഹെല്‍ത്ത് ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഫുഡ് ബ്രാൻഡായ മന്നയുടെ വിപണി ഏറ്റെടുത്ത് മുകേഷ് അംബാനിയുടെ റിലയൻസ് കണ്‍സ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ്. ചൊവ്വാഴ്ചയാണ് ഈ വമ്പൻ ഡീല്‍ പ്രഖ്യാപിച്ചത്. ഇൻഡിപെൻഡൻസ്, ഉദയം, സില് തുടങ്ങിയ വമ്പൻ ബ്രാൻഡുകള്‍ക്ക് പിന്നാലെ മന്ന കൂടി എത്തുന്നതോടെ ദക്ഷിണേന്ത്യൻ വിപണിയില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്. 156.42 കോടി രൂപയ്ക്കാണ് റിലയൻസ് മന്നയെ ഏറ്റെടുത്തതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ 20 വർഷത്തിലേറെയായി തമിഴ്നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും പോഷകാഹാര രംഗത്തെ വിശ്വസ്ത പേരാണ് മന്ന. ചാമ, തിന തുടങ്ങിയ ചെറുധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ഫുഡ് മിക്സുകള്‍, ഹെല്‍ത്ത് ഡ്രിങ്കുകള്‍, ബേബി ഫുഡ് എന്നിവയിലൂടെ മലയാളികള്‍ക്കും ഏറെ സുപരിചിതമാണ് ഈ ബ്രാൻഡ്. ആരോഗ്യകാര്യത്തില്‍ ഇന്നത്തെ കാലത്ത് ആളുകള്‍ കാണിക്കുന്ന ജാഗ്രത കണക്കിലെടുത്താണ് റിലയൻസ് ഈ നീക്കം നടത്തിയത്. മന്നയുടെ വരവോടെ ഹെല്‍ത്ത് ഫുഡ് സെഗ്മെന്റില്‍ ഒരു വൻ കുതിച്ചുചാട്ടത്തിന് തന്നെയാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയെന്നാണ് റിലയൻസിന്റെ നയം. തമിഴ്നാട്ടിലെ ഏറ്റവും വിശ്വസ്തമായ ബ്രാൻഡുകളിലൊന്നാണ് മന്നയെന്നും, ഈ ഏറ്റെടുക്കലിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പോഷകപ്രദമായ ഭക്ഷണങ്ങള്‍ എത്തിക്കാൻ സാധിക്കുമെന്നും റിലയൻസ് ഡയറക്ടർ ടി കൃഷ്ണകുമാർ പറഞ്ഞു.
കഴിഞ്ഞ വർഷം ഡിസംബറില്‍ ഉദയംസ് അഗ്രോ ഫുഡ്സിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബ്രാൻഡായ ഉദയം ഏറ്റെടുത്തതായി റിലയൻസ് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം ജനുവരിയില്‍ പുതിയ ജാമുകള്‍, സോസുകള്‍, കെച്ചപ്പ്, മറ്റ് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ എന്നിവയില്‍ മുൻനിരയിലുള്ള മുംബയ് ആസ്ഥാനമായുള്ള സിഎല്‍ ഫുഡ്സിനെയും അവർ ഏറ്റെടുത്തിരുന്നു.


