പ്രണയം തകർന്നു, മർദനമേറ്റു… ഒടുവിൽ റിമാൻഡിലുമായി…! സ്ത്രീകളെ കണ്ടാൽ പ്രതികാരദാഹിയായി മാറും; കോട്ടയം നഗരമധ്യത്തിൽ കടയ്ക്കു നേരെ കല്ലേറു നടത്തിയ യുവാവ് കല്ലെറിഞ്ഞത് സ്ത്രീകളോടുള്ള വൈരാഗ്യത്തിന്; സ്ത്രീകളുടെ ബൊമ്മ കണ്ട കാരാപ്പുഴയിലെ കടയും എറിഞ്ഞു തകർത്തു; യുവാവിനെ കണ്ടെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിച്ച് വെസ്റ്റ് പൊലീസ്

കോട്ടയം: നഗരമധ്യത്തിലെ മാക്‌സോണിക്‌സ് ഇലക്ട്രോണിക് സ്ഥാപനം എറിഞ്ഞു തകർത്ത പ്രതി അക്രമം നടത്തിയത് സ്ത്രീകൾ ജോലിക്കാരായി നിന്നതിന്റെ വൈരാഗ്യത്തിലെന്നു പൊലീസ്. പ്രണയം തകരുകയും, പ്രണയിച്ച പെൺകുട്ടിയുടെ ബന്ധുക്കൾ മർദിക്കുകയും, പിന്നീട് ഈ കേസുമായി ബന്ധപ്പെട്ട് റിമാൻഡിലാകുകയും ചെയ്തതിനെ തുടർന്നുണ്ടായ മാനസിക വൈകല്യമാണ് പ്രതിയെ സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ ആക്രമണം നടത്താൻ പ്രേരിപ്പിക്കുന്നതെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ടെത്തിയ യുവാവിനെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

Advertisements

ഏപ്രിൽ 28 നു പട്ടാപ്പകലും, തിങ്കളാഴ്ച അർദ്ധരാത്രിയിലും കോട്ടയം മാക്‌സോണിക്‌സ് എന്ന സ്ഥാപനത്തിലും കാരാപ്പുഴയിലെ തുണിക്കടയിലും ആക്രമണം നടത്തിയ യുവാവിനെയാണ് കോട്ടയം വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത്കുമാറിന്റെയും, എസ്.ഐ ടി.ശ്രീജിത്തിന്റെയും നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയത്. തുടർന്ന്, ചോദ്യം ചെയ്തതോടെയാണ് ഇയാളുടെ ജീവിത കഥയും രോഗാവസ്ഥയും അടക്കം പൊലീസിനു ബോധ്യപ്പെട്ടത്. ഇയാൾ ആക്രമണം നടത്തിയ സ്ഥാപന അധികൃതരെയും യുവാവിന്റെ ബന്ധുക്കളെയും വിളിച്ചു വരുത്തി കാര്യം അന്വേഷിച്ചതോടെയാണ് സംഭവം യാഥാർത്ഥ്യമാണ് എന്നു പൊലീസിനും ബോധ്യമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഭവം ഇങ്ങനെ –
ചിങ്ങവനം സ്വദേശിയായ പെൺകുട്ടിയുമായി യുവാവ് നേരത്തെ പ്രണയത്തിലായിരുന്നു. ഇതേ തുടർന്നു പെൺകുട്ടിയുടെ ബന്ധുക്കൾ ഇയാളെ ഭീഷണിപ്പെടുത്തുകയും, മർദിക്കുകയും ചെയ്തിരുന്നതായി യുവാവിന്റെ ബന്ധുക്കൾ പറയുന്നു. തുടർന്ന് ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകുകയും പൊലീസ് അറസ്റ്റ് ചെയ്ത് ഇയാളെ റിമാൻഡ് ചെയ്യുകയും ചെയ്തു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയെങ്കിലും യുവാവിന്റെ മാനസിക നിലയിലും സ്വഭാവത്തിലും അന്ന് മുതൽ വൈകല്യങ്ങളും പ്രകടമായിരുന്നതായും ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

സ്ത്രീകൾ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിൽ സാധനങ്ങൾ വാങ്ങാനെത്തുമ്പോൾ ഈ സ്ത്രീകൾ സാധനങ്ങൾ എടുത്തു നൽകിയാൽ പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. അക്രമമുണ്ടാകുന്നതിനു മുൻപ് യുവാവ് മാക്‌സോണിക്‌സിനു സമീപത്തു തന്നെ പ്രവർത്തിക്കുന്ന മറ്റൊരു സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവിടെ വനിതാ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവർ സാധനം എടുത്തു നൽകുന്നതുമായി ബന്ധപ്പെട്ട് യുവാവുമായി തർക്കം ഉണ്ടായി. ഇതിനു ശേഷം മടങ്ങിയപ്പോയ യുവാവ് വീണ്ടും എത്തി ആക്രമണം നടത്തുകയായിരുന്നു. ഇതിന് ശേഷമാണ് തിങ്കളാഴ്ച രാത്രി വീണ്ടും കല്ലേറ് നടത്തിയത്.

നഗരത്തിലെ കല്ലേറിന് ശേഷം യുവാവ് നേരെ പോയത് കാരാപ്പുഴയിലേയ്ക്കാണ്. ഇവിടെ സ്‌കൂളിനു സമീപത്തു പ്രവർത്തിക്കുന്ന തുണിക്കടയിൽ എത്തിയ യുവാവ് തുണിക്കടയുടെ മുന്നിൽ വച്ചിരുന്ന ബൊമ്മയ്ക്കു നേരെ കല്ലേറ് നടത്തി. മൂന്നു സ്ത്രീകളുടെ ബൊമ്മയാണ് വച്ചിരുന്നു. ഈ ബൊമ്മകണ്ട് താൻ കല്ലേറു നടത്തുകയായിരുന്നുവെന്ന് യുവാവ് പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. സംഭവം വിശദമായി പരിശോധിച്ച പൊലീസ് യുവാവിന്റെ മൊഴി വിശ്വാസത്തിൽ എടുക്കുകയും സംഭവങ്ങൾ സത്യമാണ് എന്നു കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു മാറ്റിയത്.

Hot Topics

Related Articles