ആലപ്പുഴ: ഹോംസ്റ്റേ നടത്തുന്നതിനായി ലൈസൻസ് ആവശ്യപ്പെട്ടെത്തിയ ആളിൽ നിന്നും രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ആന്റ് ഇൻഫർമേഷൻ ഓഫിസറെ വിജിലൻസ് സംഘം പിടികൂടി. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻസ് ബ്യൂറോ മധ്യമേഖലാ എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ടൂറിസം ആന്റ് ഇൻഫർമേഷൻ ഓഫിസർ കെ.ജെ ഹാരിസിനെയാണ് വിജിലൻസ് സംഘം കുടുക്കിയത്. ആലപ്പുഴ പുന്നമടയിൽ പ്രവർത്തിക്കുന്ന ഓഫിസിൽ നിന്നാണ കൈക്കൂലിയുമായി ഇദ്ദേഹത്തെ വിജിലൻസ് സംഘം പിടികൂടിയത്. സംഭവത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ പത്തു മണിയോടെ ഓഫിസിൽ എത്തിയാണ് വിജിലൻസ് സംഘം ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്.