കോട്ടയം: നടുറോഡിൽ നഗരമധ്യത്തിൽ ജില്ലാ കളക്ടറുടെ മൂക്കിന് താഴെ വൻ വെള്ളക്കെട്ട്. നഗരമധ്യത്തിലാണ് അതിരൂക്ഷമായ വെള്ളക്കെട്ടുണ്ടായിരുന്നത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു സമീപത്തെ ബസ് സ്‌റ്റോപ്പിലാണ് നാട്ടുകാർക്ക് ദുരിതം സമ്മാനിച്ച് വെള്ളം കെട്ടിയിരിക്കുന്നത്. എല്ലാ വർഷവും സമാന രീതിയിൽ റോഡിൽ വെള്ളം കെട്ടാറുണ്ടെങ്കിലും, ഈ റോഡിലെ വെള്ളക്കെട്ടിന് ഇതുവരെയും നടപടിയുണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ നാട്ടുകാരും ദുരിതത്തിലാണ്. നൂറുകണക്കിന് ആളുകളും, സ്‌കൂൾ വിദ്യാർത്ഥികളുമാണ് ഈ റോഡിൽ ബസ് കാത്ത് അടക്കം നിൽക്കുന്നത്.
കെ.കെ റോഡിലേയ്ക്കു പോകാനുള്ള വാഹനങ്ങൾ അടക്കം ഈ റോഡിലാണ് എത്തുന്നത്. ഈ വാഹനങ്ങൾ കടന്നു പോകാനുള്ള സാഹചര്യം പോലുമില്ലാത്ത രീതിയിലാണ് ഈ റോഡിൽ അതിരൂക്ഷമായ രീതിയിൽ വെള്ളം കെട്ടുന്നത്. പലപ്പോഴും ഈ റോഡിൽ മുട്ടറ്റം വെള്ളം ഉയരാറുണ്ട്. ഇത് സാധാരണക്കാരെയും സാരമായി ബാധിക്കാറുണ്ട്. ഈ സാഹചര്യത്തിൽ അടിയന്തരമായി റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.