മൂലവട്ടം: മൂലവട്ടം ഗസ്റ്റ് ഹൗസ് റോഡിൽ കുടുംബത്തിന്റെ വീട് കയ്യേറി നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ ഷീനാ ബിനു ഹോട്ടൽ നിർമ്മിച്ചതിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഡിവൈഎഫ്‌ഐ. ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ഹോട്ടലിലേയ്ക്കു പ്രതിഷേധ മാർച്ച് നടക്കും. അനധികൃതമായി നിർമ്മിച്ച ഹോട്ടൽ പൊളിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഹോട്ടൽ പൊളിച്ചു മാറ്റുമെന്നും സൂചനയുണ്ട്. കുടുംബശ്രീയുടെ പേരിലാണ് ഷീനാ ബിനുവും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽ നിർമ്മിച്ചത്. എന്നാൽ, ഹോട്ടൽ ഒഴിയണമെന്നാവശ്യപ്പെട്ട് കുടുംബം സമീപിച്ചിട്ടും ഇവർ തയ്യാറായില്ല. ഇത് മാത്രമല്ല കുടുംബത്തെ കോടതിയിൽ കേസ് നൽകി കുടുക്കാനാണ് ഷീനയും സുഹൃത്തുക്കളും തയ്യാറയതും. ഇതെല്ലാം പ്രതിഷേധത്തിന്റെ ഭാഗമായി വരും.
ഇതിനിടെ കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ഷീനാ ബിനുവും സുഹൃത്തുക്കളും ചേർന്നു നടത്തുന്ന ഹോട്ടലിന്റെ അടുക്കള ഭാഗം തകർന്നിട്ടുണ്ട്. അടുക്കളയിൽ ആസ്ബറ്റോസ് ഷീറ്റാണ് തകർന്നിരിക്കുന്നത്. ആസ്ബറ്റോസ് ഷീറ്റ് തകർന്നതോടെ ഇന്ന് ഹോട്ടൽ പ്രവർത്തിച്ചേകക്കില്ല. ഇതിനിടെ ഹോട്ടലിന്റെ അറ്റകുറ്റപണികൾ അനുവദിക്കരുതെന്നാവശ്യപ്പെട്ട് കുടുംബം ചിങ്ങവനം പൊലീസിനെയും കോടതിയെയും സമീപിക്കാൻ ഒരുങ്ങുകയാണ്.