കനത്ത കാറ്റിലും മഴയിലും മരം വീണ് വൈദ്യുതി മുടങ്ങി; കഞ്ഞിക്കുഴിയിൽ തരം കിട്ടിയപ്പോൾ കക്കാനിറങ്ങി കള്ളന്മാർ; വൈദ്യുതി മുടങ്ങിയത് മുതലെടുത്ത് കഞ്ഞിക്കുഴിയിലെ വീടുകളിൽ മോഷ്ടാക്കളുടെ വിളയാട്ടം

കോട്ടയം: കനത്ത കാറ്റിലും മഴയിലും കഞ്ഞിക്കുഴിയിലെ വീടുകളിൽ വൈദ്യുതി മുടങ്ങിയത് മുതലെടുത്ത് മോഷ്ടാക്കളുടെ വിളയാട്ടം. കഴിഞ്ഞ ദിവസം രാത്രിയിൽ കെ.കെ റോഡിൽ മരം വീണ് കഞ്ഞിക്കുഴിയിലും പരിസര പ്രദേശത്തും വൈദ്യുതി മുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്തെ നിരവധി വീടുകളിൽ മോഷണം ലക്ഷ്യമിട്ട് കള്ളന്മാർ എത്തിയത്. കഞ്ഞിക്കുഴി ശാന്തിസ്ഥാൻ , പൗവത്ത് റോഡ് എന്നിവിടങ്ങളിലാണ് ഇന്നലെ രാത്രിയിലും പുലർച്ചെയുമായി കള്ളന്മാർ എത്തിയത്. വീടുകളിൽ മോഷണം നടത്താനെത്തിയ കള്ളന്മാർക്ക് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ സ്ഥലം വിടേണ്ടിയും വന്നു. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെയാണ് മരം വീണ് കഞ്ഞിക്കുഴി പ്രദേശത്ത് വൈദ്യുതി മുടങ്ങിയത്.

Advertisements

ഇതിനു പിന്നലെ രാത്രി 1.10 നാണ് ശാന്തിസ്ഥാൻ പ്രദേശത്തെ ഒരു വീട്ടിൽ മോഷ്ടാവ് എത്തിയത്. ഇയാൾ വീടിന്റെ സമീപത്ത് എത്തി ജനൽ ചില്ല് തകർക്കാൻ ശ്രമിച്ചു. ബഹളം കേട്ടതോടെ വീട്ടുകാർ ഉണർന്നു. ഇതോടെ ഇയാൾ സ്ഥലത്തു നിന്നും രക്ഷപെടുകയായിരുന്നു. ഇതിന് ശേഷം മൂന്നു മണിയോടെയാണ് മറ്റൊരു വീട്ടിൽ എത്തിയത്. ഇവിടെ എത്തിയ മോഷ്ടാവ് വീടിന്റെ ജനൽ ചില്ല് തകർക്കുകയും, വാതിലിന്റെ കുറ്റി ഇളക്കി മാറ്റുകയും ചെയ്തു. രണ്ടിടത്തും അക്രമ പ്രവർത്തനങ്ങൾ നടത്തിയ പ്രതിയുടെ ശബ്ദം കേട്ട് വീട്ടുകാർ എണീറ്റതോടെയാണ് ഇയാൾ രക്ഷപെട്ടത്. വീട്ടുകാർ വിവരം ഈസ്റ്റ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Hot Topics

Related Articles