കോട്ടയം: മൂന്നാം ഭരണം ലക്ഷ്യമിടുന്ന എൽഡിഎഫിന് കരുത്തേകാൻ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണി എംപിയെ മുന്നിൽ നിർത്തി പടനയിക്കാൻ ഇടതുമുന്നണി. ഇടതു മുന്നണിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഘടകകക്ഷി നേതാവ് മുന്നണിയുടെ ജാഥ നയിക്കാൻ നിയോഗിക്കപ്പെടുന്നത്. എൽഡിഎഫിന്റെ മധ്യമേഖലാ ജാഥയെ നയിക്കുന്നതിനായാണ് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ.മാണിയെ നേതൃത്വം നിയോഗിച്ചിരിക്കുന്നത്.
ഫെബ്രുവരി ആറിന് ആറന്മുളയിൽ നിന്നാണ് ജാഥ ആരംഭിക്കുന്നത്, തുടർന്ന് ഏഴിന് അടൂർ, തിരുവല്ല, ചങ്ങനാശേരി വഴി കോട്ടയത്ത് സമാപിക്കും. ഫെബ്രുവരി എട്ടിന് പുതുപ്പള്ളിയിൽ നിന്നും ആരംഭിക്കുന്ന ജാഥ വൈക്കത്ത് സമാപിക്കും. ഫെബ്രുവരി ഒൻപതിന് പാലായിൽ നിന്നും ആരംഭിക്കുന്ന ജാഥ ഇടുക്കിയിൽ പര്യടനം നടത്തും. ഫെബ്രുവരി പത്തിന് ദേവികുളത്തു നിന്നും ആരംഭിക്കുന്ന യാത്ര കോതമംഗലത്ത് സമാപിക്കും. ഫെബ്രുവരി 11 ന് എറണാകുളം ജില്ലയിൽ ജാഥ പര്യടനം നടത്തും. ഫെബ്രുവരി 13 ന് അങ്കമാലി, ആലുവ, പറവൂർ വഴി വൈപ്പിനിൽ ജാഥ പര്യടനം അവസാനിപ്പിക്കും. ഫെബ്രുവരി 14 ന് കൊച്ചിയിൽ പര്യടനം നടത്തുന്ന യാത്ര എറണാകുളത്ത് സമാപിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻപും എൽഡിഎഫ് ഭരണത്തിലിരിക്കുമ്പോഴും പ്രതിപക്ഷത്തിരിക്കുമ്പോഴും സംസ്ഥാനത്ത് ജാഥ നടത്തിയിട്ടുണ്ട്. ജനങ്ങളിലേയ്ക്ക് സർക്കാരിന്റെ നേട്ടങ്ങൾ എത്തിക്കുന്നതിനു വേണ്ടിയാണ് ഇക്കുറി എൽഡിഎഫ് മൂന്ന് ജാഥ നടത്തുന്നത്. ആദ്യത്തെ ജാഥ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുമ്പോൾ, രണ്ടാമത്തെ ജാഥ നയിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ്. മധ്യമേഖലാ ജാഥ നയിക്കുന്നതാകട്ടെ ജോസ് കെ.മാണി എംപിയും. എൽഡിഎഫിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ജാഥ നയിക്കാൻ ഘടകക്ഷി നേതാക്കളെ രംഗത്തിറക്കുന്നത്.
കോട്ടയം ഇടുക്കി എറണാകുളം പത്തനംതിട്ട ജില്ലകളിലൂടെയാണ് ജാഥ കടന്നു പോകുന്നത്. ഈ ജാഥ കടന്നു പോകുന്ന വഴികളിലെ പൊതുയോഗങ്ങളിൽ രാഷ്ട്രീയ വിശദീകരണവും, സംസ്ഥാന സർക്കാരിന്റെ നയങ്ങളുടെയും വികസനങ്ങളുടെയും വിശദീകരണവും നൽകേണ്ട ഉത്തരവാദിത്വം ജോസ് കെ.മാണി എംപിയ്ക്കാണ്. ക്രൈസ്തവ സഭകളിൽ കേരള കോൺഗ്രസിനുള്ള നിർണ്ണായക സ്വാധീനവും, മധ്യകേരളത്തിലെ സ്വാധീനവുമാണ് ജാഥയ്ക്ക് പാർട്ടി ചെയർമാനെ തന്നെ നിയോഗിക്കാൻ കാരണമെന്ന് വ്യക്തമാണ്.
കേരള കോൺഗ്രസ് എമ്മിനും ജോസ് കെ.മാണിയ്ക്കും എൽഡിഎഫ് എത്രത്തോളം പ്രാധാന്യം നൽകുന്നു എന്ന് വ്യക്തമാകുന്നതാണ് ജാഥയിലെ കേരള കോൺഗ്രസ് എമ്മിന്റെ സാന്നിധ്യം. മൂന്നാം എൽഡിഎഫ് സർക്കാർ എന്ന ലക്ഷ്യത്തിലേയ്ക്ക് ഇടതു മുന്നണി കുതിക്കുമ്പോൾ കേരള കോൺഗ്രസും ജോസ് കെ.മാണിയും തന്നെയാകും മധ്യകേരളത്തിൽ നിർണ്ണായക ശക്തി എന്നു വ്യക്തമാക്കുന്നതാണ് ജാഥയിലെ കേരള കോൺഗ്രസിന്റെ സാന്നിധ്യം. ജോസ് കെ മാണി ക്യാപ്റ്റൻ ആകുന്ന ജാഥയിൽ കെ കെ ശൈലജ ടീച്ചർ (സിപിഎം), പി കെ ബിജു (സിപിഎം), പി പി സുനീർ എംപി (സിപിഐ), സാബു ജോർജ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), സുഭാഷ് പുഞ്ചക്കോട്ടിൽ (എൻസിപി), ഡോ. വർഗീസ് ജോർജ് (ആർജെഡി) , മാത്യൂസ് കോലഞ്ചേരി (കോൺഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), ഫ്രാൻസിസ് തോമസ് (ജനാധിപത്യ കേരള കോൺഗ്രസ്), എം എ ലത്തീഫ് (ഐഎൻഎൽ) , ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്‌കറിയ) എന്നിവരാണ് അംഗങ്ങൾ.


