കോട്ടയം : ഏറ്റുമാനൂർ നഗരസഭയിലെ പത്തൊമ്പതാം വാർഡിൽ കുടിവെള്ളക്ഷാമം രൂക്ഷം.കുടിവെള്ളക്ഷാമം രൂക്ഷമായിട്ട് രണ്ടു മാസങ്ങൾ പിന്നിടുമ്പോഴും വേണ്ട പരിഹാരം കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല.വർഷത്തിൽ 6 മാസക്കാലമാണ് ഇവർക്ക് വെള്ളം ഭാഗികമായി ലഭിക്കുന്നത്. വേനൽ കടുത്ത സാഹചര്യത്തിൽ കുടിവെള്ളം ഇവർക്ക് കിട്ടാക്കനിയായി മാറിയിരിക്കുകയാണ്.പ്രദേശത്തോട് ചേർന്ന് കരിയാറ്റപ്പുഴ ടാങ്ക് നിർമ്മിച്ചിട്ട് വർഷങ്ങൾ പലത് കഴിഞ്ഞെങ്കിലും ഇതിൽ ആവശ്യത്തിനു വെള്ളം സംഭരിക്കുന്നില്ലന്നാണ് ആക്ഷേപം.വെള്ളം കിട്ടാക്കനിയായതോടുകൂടി കരിയാറ്റപ്പുഴ ഭാഗത്ത് നിരവധി കുടുംബങ്ങളാണ് കുടിവെള്ളം വിലയ്ക്ക് വാങ്ങി പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത്. കുളിക്കാനും കുടിക്കാനും ദൂരസ്ഥലങ്ങളിൽ പോയി വെള്ളം കൊണ്ടുവരേണ്ട അവസ്ഥയിലാണ് നാട്ടുകാർ ഇപ്പോൾ.
ജലാശയങ്ങൾ തേടി പോയി വസ്ത്രങ്ങൾ അലയ്ക്കുകയും ചെയ്യേണ്ട അവസ്ഥയിലാണ് ഇവർ. വഴിവിളക്കുകളോ മതിയായ വഴികളോ അനുബന്ധ സൗകര്യങ്ങളോ പ്രദേശത്ത് ഇല്ല.അമ്പനാട് കോളനി,ശാസ്താപുരം കോളനി, എം എച്ച് സി കോളനി എന്നിവ എല്ലാം 19 ആം വാർഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.ജലസംഭരണിക്ക് വേണ്ടി നാട്ടുകാരനായ ബിനോയ് കരിയാറ്റപ്പുഴയാണ് സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എന്നിട്ടും കുടിവെള്ളത്തിനായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ ഇപ്പോൾ. പ്രദേശത്ത് കുടിവെള്ളം ലഭിക്കുന്നില്ലെങ്കിലും 18000ത്തിലധികം രൂപയുടെ വാട്ടർ ബില്ലാണ് പ്രദേശവാസികൾക്ക് ലഭിക്കുന്നത്. കുടിവെള്ളം ഉപയോഗിക്കാതെ വെറുതെ പണം അടയ്ക്കേണ്ട അവസ്ഥയിലാണ് നാട്ടുകാർ ഇപ്പോൾ. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ വേണ്ടി പ്രധാനമന്ത്രിയുടെ പദ്ധതിയിൽ നിന്ന് അടക്കമുള്ള പൈപ്പ് ലൈനുകൾ ഇവിടെ ഉറപ്പുവരുത്തി.എന്നിട്ടും യാതൊരു ഫലവും ഇല്ലെന്നാണ് നാട്ടുകാർ പരാതിയായി പറയുന്നത്. സാധാരണക്കാരായ ജനങ്ങൾക്ക് വിലകൊടുത്ത് വെള്ളം വാങ്ങാനുള്ള സാമ്പത്തികശേഷിയില്ല.മുൻ വാർഡ് കൗൺസിലർ ജോയ് മന്നാമല അത്യാവശ്യ ഇടപെടലുകൾ നടത്തി പല കുടുംബങ്ങൾക്കും വാട്ടർ കണക്ഷൻ സ്വന്തം ചിലവിൽ ഉറപ്പുവരുത്തിയെങ്കിലും വെള്ളം ഇപ്പോഴും ലഭ്യമായിട്ടില്ല. മെമ്പർ ജെസ്സി ജേക്കബിനോട് അടക്കം നിരവധി ഓഫീസുകളിൽ നാട്ടുകാർ പരിഹാരം ആവശ്യപ്പെട്ട് നിവേദനം നൽകിയെങ്കിലും ഒന്നിനും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിയായി പറയുന്നു.


