കോട്ടയം: സ്ത്രീകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്ന സ്ഥിതിയുണ്ടായാൽ ലിംഗനീതിയും സുരക്ഷയും ഉറപ്പാക്കാനാകുമെന്ന് വനിതാ വികസന കോർപറേഷൻ ചെയർപേഴ്സൺ കെ.സി. റോസക്കുട്ടി പറഞ്ഞു. കുടുംബശ്രീ സരസ് മേളയോടനുബന്ധിച്ച് ‘കുടുംബശ്രീ നാളെ- ഓക്സിലറി ഗ്രൂപ്പ്, സ്റ്റാർട്ട് അപ്പ് വിഷൻ 2022’ എന്ന വിഷയത്തിൽ നടന്ന സിമ്പോസിയത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു കെ.സി. റോസക്കുട്ടി. സാമ്പത്തിക പുരോഗതി കൈവരിക്കാൻ സ്ത്രീകൾ സംരംഭകരും തൊഴിൽദാതാക്കളുമായി മാറണം. സ്ത്രീകൾക്ക് സംരംഭകരായി മാറാൻ സാമ്പത്തികമായും സാങ്കേതികമായും സഹായിക്കാൻ വനിതാ വികസന കോർപ്പറേഷനും മറ്റു വകുപ്പുകളുമുണ്ട്. കുടുംബശ്രീയ്ക്ക് സംരംഭങ്ങൾ ആരംഭിക്കാൻ വനിതാ വികസന കോർപ്പറേഷൻ കൊളാറ്ററൽ സെക്യൂരിറ്റിയില്ലാതെ നൽകുന്ന വായ്പ മൂന്നു കോടിയാക്കി ഉയർത്തിയിട്ടുണ്ട്. ഈ സംവിധാനങ്ങൾ സ്ത്രീകൾ പ്രയോജനപ്പെടുത്തണം.
സുരക്ഷയുടെ പേരിൽ പെൺകുട്ടികളുടെ സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന സാമൂഹിക അന്തരീക്ഷം ഇപ്പോഴുമുണ്ട്. ഇതൊഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു.
നിലവിലുള്ള കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകളെ കൂടാതെ സോഷ്യൽ വർക്ക്, ഇക്കണോമിക്സ് വിഷയങ്ങൾ പഠിപ്പിക്കുന്ന കോളജുകളിൽ ഓക്്സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് കുടുംബശ്രീ പ്രോഗ്രാം മാനേജർ സി.സി. നിഷാദ് പറഞ്ഞു. ഈ കോളജ് ഗ്രൂപ്പിലുള്ള ഓരോ അംഗങ്ങളുടെയും നേതൃത്വത്തിൽ അവരുടെ നാട്ടിൽ ഓക്സിലറി ഗ്രൂപ്പുകൾ വികസിപ്പിക്കാനാകും.
ഓക്സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനങ്ങളുടെ ഭാഗമായി തുടക്കത്തിൽ സംരംഭകത്വ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പഠനങ്ങളും പ്രവർത്തനങ്ങളുമാണ് പ്രധാനമായി നടത്തുന്നതെന്ന് കുടുംബശ്രീ പ്രോഗ്രാം ഓഫീസർ എ.എസ്. ശ്രീകാന്ത് പറഞ്ഞു.
തൊഴിലുള്ള സ്ത്രീകൾക്ക് സമൂഹത്തിൽ ലഭിക്കുന്ന സ്ഥാനം വളരെ വലുതാണെന്നും സ്ത്രീകൾ തൊഴിൽ ചെയ്യുന്നതിനൊപ്പം തൊഴിൽദായകരുമായി മാറണമെന്നും ലെറ്റ്സ് ഗോ ഫോർ എ ക്യാമ്പ് ഡയറക്ടർ ഗീതു മോഹൻദാസ് പറഞ്ഞു. കുടുംബശ്രീകൾക്ക് ടൂറിസം മേഖലയിൽ ഒരുപാട് അവസരങ്ങളുണ്ട്. അതു കണ്ടെത്താൻ സ്ത്രീകൾ തയാറാകണമെന്നും അവർ പറഞ്ഞു.
സംരംഭം തുടങ്ങാനാഗ്രഹിക്കവർ പ്രതികൂല സാഹചര്യമുണ്ടായാലും തെരഞ്ഞെടുക്കുന്ന വഴിയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണമെന്ന് ഡ്രീം സൈറ്റേഴ്സ് കമ്പനി ഡയറക്ടർ എ.പി. തോമസ് പറഞ്ഞു. സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് കുടുംബശ്രീകൾ വേദിയാകണമെന്ന് മുൻ ജില്ലാ ലോട്ടറി ഓഫീസർ സുനു പി. മാത്യു പറഞ്ഞു.
തലപ്പലം കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ കെ.എസ് ശ്രീജ അധ്യക്ഷയായി. കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ.എം സുർജിത്, വെള്ളൂർ കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ രഞ്ജുഷ ഷൈജു, ചിറക്കടവ് കുടുംബശ്രീ സി.ഡി.എസ്. അക്കൗണ്ടന്റ് വി. അനുപമ എന്നിവർ പങ്കെടുത്തു.