കോട്ടയം: നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ ഗുണ്ട പതിനെട്ടുകാരനെ തല്ലിക്കൊന്നു മൃതദേഹവുമായി പൊലീസ് സ്റ്റേഷനു മുന്നിലെത്തി. കോട്ടയം കളക്ടറേറ്റിനു സമീപം മുട്ടമ്പലം ഉറുമ്പനത്ത് ഷാരോൺ ബാബുവിനെ(19)യാണ് ഗുണ്ടാ സംഘം അടിച്ചും ഇടിച്ചും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പിഡബ്യുഡി റസ്റ്റ് ഹൗസിനു സമീപം വാടകയ്ക്കു താമസിക്കുന്ന കോതമന വീട്ടിൽ ജോമോൻ കെ.ജോസ് (കെ.ഡി ജോമോനെ -40) കോട്ടയം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ ജോമോൻ മുൻപ് നഗരമധ്യത്തിൽ ഓട്ടോഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച് കവർച്ച നടത്തിയ കേസിലടക്കം പ്രതിയായിരുന്നു. ഇയാൾക്കെതിരെ കാപ്പ ചുമത്തുന്നതടക്കമുളള നടപടികൾ പൊലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയിൽ കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിൽ ജോമോനും സംഘവും ഷാരോണിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഷാരോണിന് ഗുരുതരമായി പരിക്കേറ്റു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ തുടർന്നു ജോമോൻ ഷാരോണിനെയുമായി ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിലെത്തി. ഞാൻ ഇയാളെ കൊലപ്പെടുത്തിയെന്ന വീരവാദവുമായി ജോമോൻ പൊലീസ് സ്റ്റേഷനു മുന്നിലെത്തുകയായിരുന്നു. തുടർന്നു ജോമോനെ കസ്റ്റഡിയിലെടുത്ത പൊലീസ് സംഘം, ഷാരോണിനെ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷാരോൺ മരിച്ചിരുന്നു. ഇതേ തുടർന്നു ജോമോനെ സ്‌റ്റേഷനു മുന്നിൽ നിന്നു തന്നെ പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു. പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
2021 നവംബർ 19 നാണ് ജോമോനെ കാപ്പ ചുമത്തി ജില്ലാ പൊലീസ് മേധാവി ജില്ലയിൽ നിന്നും നാട് കടത്തിയത്. കാപ്പയുടെ നിരോധനം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചാൽ മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, കാപ്പയുടെ വിലക്ക് നിലനിൽക്കെയാണ് പ്രതി ജില്ലയിൽ എത്തി ക്രൂരമായ കൊലപാതകം നടത്തിയിരിക്കുന്നത്.