കോട്ടയത്തും ചങ്ങനാശേരിയിലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി ഗൂഗിൾ പേ വഴി..! ഏജന്റുമാരും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും തമ്മിൽ അവിശുദ്ധ ബന്ധം പുറത്ത്; വിജിലൻസിന്റെ ഓപ്പറേഷൻ ജാസിൽ കണ്ടെത്തിയത് വ്യാപക ക്രമക്കേട്

തിരുവനന്തപുരം: ‘ഓപ്പറേഷൻ ജാസ് സംസ്ഥാനത്തെ റീജിയണൽ ട്രാൻസ്‌പോർട് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. പൊതുജനങ്ങളിൽ നിന്നും ഏജന്റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 മണി മുതൽ സംസ്ഥാന വ്യാപകമായി തിരഞ്ഞെടുത്ത ആർ.ടി ഓഫീസുകളിലും ഏജന്റുമാരുടെ ഓഫീസുകളിലും ഒരേ സമയം മിന്നൽ പരിശോധന നടത്തിയത് . മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് പരിവാഹൻ എന്ന സോഫ്റ്റ് വെയർ മുഖേനയാണ് നിലവിൽ അപേക്ഷ സ്വീകരിക്കുന്നത്. എന്നാൽ ഇപ്രകാരം ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതോടൊപ്പം ഫിസിക്കൽ കോപ്പിയും സർപ്പിക്കണ്ടതായിട്ടുണ്ട്. ഈ അവസരത്തിലും നേരിട്ട് വാഹന പരിശോധന നടത്തേണ്ട സന്ദർഭങ്ങളിലും ഉദ്യോഗസ്ഥർ ഏജന്റുമാർ മുഖേന കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു. കൂടാതെ പൊതുജനങ്ങൾ നേരിട്ട് സമർപ്പിക്കുന്ന അപേക്ഷകൾ മനപൂർവ്വം വച്ച് താമസിപ്പിക്കുന്നതായും അപേക്ഷകൾ നേരിട്ട് നൽകുന്നവരെ ചെറിയ ചെറിയ കാര്യങ്ങൾ പറഞ്ഞ് വീണ്ടും വീണ്ടും ഓഫീസിൽ വരുത്തി ബുദ്ധിമുട്ടിക്കുന്നതായും നിസ്സാര കാരണങ്ങൾ പറഞ്ഞ് അവരുടെ അപേക്ഷകൾ നിരസിക്കുന്നതായും വിജിലൻസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

സംസ്ഥാനത്തെ വാഹനങ്ങളുടെ ലൈസൻസ്, വാഹന ക്ലീയറൻസ് സർട്ടിഫിക്കറ്റ്, ലേണേഴ്‌സ് ലൈസൻസ്, ലൈസൻസ് സസ്‌പെൻഷൻ ഒഴിവാക്കൽ, വെഹ്ക്കിൾ ഡിസോസൽ സർട്ടിഫിക്കറ്റ് വാഹനങ്ങളുടെ റീടെസ്റ്റ്, ഉടമസ്ഥാവകാശം കൈമാറൽ, ഫാൻസി നമ്പർ അനുവദിക്കൽ, ടെസ്റ്റുകളിലും ഏജന്റുമാർ അന്യായമായി ഇടപെട്ട് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് അവർക്ക് വേണ്ടി കൈക്കൂലി പിരിച്ച് വിവിധ തരത്തിൽ കൈമാറുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഏജന്റുമാർ മുഖാന്തിരം സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ ഏജന്റുമാർ അവരെ തിരിച്ചറിയുന്നതിനുള്ള വിവിധ അടയാളങ്ങൾ ഇടുന്നതായും ഇപ്രകാരമുള്ള അപേക്ഷകൾ തിരിച്ചറിഞ്ഞ് ഉദ്ദ്യോഗസ്ഥർ വേഗത്തിൽ നടപടിക്രമം നടത്തി കൊടുത്ത ശേഷം അത് സമർപ്പിച്ച് ഏജന്റുമാരിൽ നിന്നും മുൻനിശ്ചയ പ്രകാരമുള്ള കൈക്കൂലി ശേഖരിച്ച് പല വിധത്തിൽ കൈമാറുന്നതായും ഇപ്രകാരം ശേഖരിക്കപ്പെടുന്ന കൈക്കൂലിപ്പണം ഉദ്യോഗസ്ഥരുടെ വാസസ്ഥലത്തോ ഓഫീസുകളിലോ വാസസ്ഥലത്തേയ്ക്കുള്ള യാത്രാമദ്ധ്യേയോ ഏജന്റുമാർ എത്തിച്ച് നൽകുന്നതായും ചില ഏജന്റുമാർ ഉദ്ദ്യോഗസ്ഥരുടെ അക്കൌണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യുന്നതായും, മറ്റ് ചില സ്ഥലങ്ങളിൽ ഏജന്റുമാർ അവരുടെ പേരിലോ ബന്ധുക്കളുടെ പേരിലോ സേവിംഗ്‌സ് ബാങ്ക് അക്കൌണ്ട് ആരംഭിച്ച ശേഷം എ.റ്റി.എം കാർഡ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതായും ഉദ്യോഗസ്ഥർ പ്രസ്തുത തുക കാർഡുപയോഗിച്ച് പിൻവലിച്ചെടുക്കുന്നതായും ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൌണ്ടിന് സമീപത്തും ആർ.ടി ഓഫീസ് പരിസരത്തും പ്രവർത്തിക്കുന്ന തട്ടുകടക്കാരും വാഹനപുക പരിശോധന നടത്തുന്നവരിൽ ചിലരും ആർ.ടി ഉദ്യോഗസ്ഥരുടെ ഇടനിലക്കാരായി പണപ്പിരിവ് നടത്തുന്നതായും ഇപ്രകാരം ഉദ്യോഗസ്ഥർക്ക് വേണ്ടി പണപ്പിരിവ് നടത്തുന്ന ഏജന്റുമാരിൽ പലരും ആർ.ടി ഓഫീസിലെ റിക്കാർഡുകൾ അനധികൃതമായി സൂക്ഷിക്കുന്നതായും ഉദ്യോഗസ്ഥർ ജനങ്ങൾക്ക് നേരിട്ട് രജിസ്റ്റേർഡ് തപാലിൽ അയച്ചു കൊടുക്കണമെന്ന് നിഷ്‌കർഷിക്കുന്ന രേഖകൾ ഉദ്യോഗസ്ഥർ ഏജന്റുമാരെ ഏല്പിക്കുന്നതായും രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് സംസ്ഥാന വ്യാപകമായി ആർ.ടി ഓഫീസുകളിലും ആർ.ടി ഉദ്യോഗസ്ഥരുടെ ഏജന്റുമാരായി പ്രവർത്തിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളിലും മറ്റ് അനുബന്ധ സ്ഥലങ്ങളിലും ഒരേ സമയം മിന്നൽ പരിശോധന നടത്തിയത്.

സംസ്ഥാനമൊട്ടാകെ 53 ആർ.ടി ഒ ഓഫീസുകളിലാണ് ഉദ്ദ്യോഗസ്ഥർക്ക് വേണ്ടി കൈക്കൂലി പണം പിരിക്കുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മിന്നൽ പരിശോധന നടത്തിയത്. കൂടാതെ ഉദ്ദ്യോഗസ്ഥർക്കു വേണ്ടി പണപ്പിരിവു നടത്തുന്നതായി രഹസ്യ വിവരം ലഭിച്ച ചില മോട്ടോർ വാഹന ഏജന്റുമാരുടെ ഓഫീസുകളിലും ഇന്നലെ വിജിലൻസ് പരിശോധന നടത്തി.

തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്, വർക്കല, കഴക്കൂട്ടം, ആറ്റിങ്ങൽ, പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട എസ്.ആർ.ടി. ഓഫീസുകളിലും, കൊല്ലം ജില്ലയിലെ കൊല്ലം, കൊട്ടാരക്കര, ചടയമംഗലം, പുനലൂർ, കരുനാഗപ്പള്ളി, കുന്നത്തൂർ ആർ.ടി ഓഫീസുകളിലും. പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട, റാന്നി, അടൂർ, ആർ.ടി.ഓഫീസുകളിലും. ആലപ്പുഴ ജില്ലയിലെ കായംകുളം, ആലപ്പുഴ ആർ.ടി ഓഫീസുകളിലും. കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശ്ശേരി എന്നിവിടങ്ങളിലെ ആർ.ടി ഓഫീസുകളിലും ഇടുക്കി ജില്ലയിലെ പീരുമേട്, ദേവികുളം, ഉടുമ്പൽ ചോല ആർ.ടി ഓഫീസുകളിലും എറണാകുളം ജില്ലയിലെ എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, കാക്കനാട് ആർ.ടി ഓഫീസുകളിലും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി ആർ.ടി ഓഫീസുകളിലും പാലക്കാട് ജില്ലയിലെ പാലക്കാട്, ഒറ്റപ്പാലം, ചിറ്റൂർ ആർ.ടി ഓഫീസുളിലും കോഴിക്കോട് ജില്ലയിലെ കോഴിക്കോട്, ഫറോഖ്,വടകര നന്മണ്ട, കൊടുവള്ളി ആർ.ടി. ഒഫീസുകളിലും മലപ്പുറം ജില്ലയിലെ മലപ്പുറം, തിരൂരങ്ങാടി, നിലമ്പൂർ, കൊണ്ടോട്ടി ആർ.ടി. ഒഫീസുകളിലും വയനാട് ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, ആർ.ടി ഓഫീസുകളിലും കണ്ണൂർ ജില്ലയിലെ കണ്ണൂർ, പയ്യന്നൂർ, ഇരുട്ടി ആർ.ടി ഓഫീസുകളിലും കാസർകോഡ് ജില്ലയിലെ കാസർകോഡ്, കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് ആർ.ടി ഓഫീസുകളിലുമാണ് ഇന്നലെ വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.

കോട്ടയം ആർ.ടി ഓഫീസിൽ നടന്ന മിന്നൽ പരിശോധനയിൽ ഏജന്റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000/ രൂപ നൽകിയതായും, അടിമാലി ആർ ടി ഓഫീസിൽ ഗൂഗിൾ പേ വഴി 97000/ പലപ്പോഴായി ഏജന്റുമാർ നൽകിയിട്ടുള്ളതായും ചങ്ങനാശ്ശേരി ആർ.ടി ഓഫീസിലെ ഉദ്ദ്യോഗസ്ഥന് ഡ്രൈവിംഗ് സ്‌കൂൾ ഏജന്റുമാർ വഴി ഗൂഗിൾ പേ വഴി 72,200/ രൂപ അയച്ചതായും കാഞ്ഞിരപ്പള്ളി ആർ.ടി ഓഫീസിലെ ഒരു മോട്ടോർ വെഹ്ക്കിൾ ഇൻസ്‌പെക്ടറുടെ ഗൂഗിൾ അക്കൌണ്ടിലേയ്ക്ക് വിവിധ ഡ്രൈവിംഗ് സ്‌കൂൾ ഏജന്റുമാരിൽ നിന്നും 15,790/ രൂപ നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

നെടുമങ്ങാട് ഒരു ആട്ടോ കൺസൾട്ടൻസി ഓഫീസിൽ നിന്നും 1,50,000 രൂപയും, കൊണ്ടോട്ടി ആർ.ടി ഓഫീസിൽ കാണപ്പെട്ട ഏജന്റിന്റെ കാറിൽ നിന്നും 1,06,205 രൂപയും, ആലപ്പുഴ ആർ.ടി ഓഫീസിനുള്ളിൽ കാണപ്പെട്ട രണ്ട് ഏജന്റുമാരിൽ നിന്നായി 72,412/ രൂപയും, വെള്ളരിക്കുണ്ട് ജോയിന്റ് ആർ.ടി ഒഫീസിൽ കാണപ്പെട്ട രണ്ട് ഏജന്റുമാരിൽ നിന്നായി 38,810 – രൂപയും കോട്ടയം ആർ.ടി ഓഫീസിൽ നടന്ന മിന്നൽ പരിശോധനയിൽ ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന ഏജന്റുമാരുടെ പക്കൽ നിന്നും കൃത്യമായ രേഖകളില്ലാത്ത 36,050/ രൂപയും, ചടയമംഗലം ആർ.ടി ഓഫീസിനുള്ളിൽ ഉണ്ടായിരുന്ന രണ്ട് ഏജന്റുമാരിൽ നിന്നായി 32,400/ രൂപയും കൊട്ടാരക്കര ആർ.ടി ഓഫീസിനുള്ളിൽ കാണുപ്പെട്ട ഏജന്റിന്റെ പക്കൽ നിന്നും 34,300/ രൂപയും, പാലക്കാട് ആർ.ടി ഓഫീസിലെ രണ്ട് ഏജന്റുമാരുടെ കൈവശത്ത് നിന്നും 26,900/ രൂപയും, റാന്നി ആർ.ടി ഓഫീസിൽ കാണപ്പെട്ട ഏജന്റിൽ നിന്നും 15,500/ രൂപയും, പത്തനംതിട്ട ആർ.ടി ഓഫീസിൽ ഉണ്ടായിരുന്ന ഏജന്റിന്റെ പക്കൽ നിന്നും 14,000/ രൂപയും പുനലൂർ ജെ.ആർ.ടി ഓഫീസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽ നിന്നും 8,100 രൂപയും കരുനാഗപ്പള്ളി ആർ.ടി ഓഫീസിലെ ഏജന്റിൽ നിന്നും 7,930/ രൂപയും കാക്കനാട്ടെ ആർ.ടി ഓഫീസ് ഏജന്റിൽ നിന്നും 8,000/ രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

ഓഫീസിൽ കാണപ്പെട്ട ഏജന്റിൽ നിന്നും 15,500/ രൂപയും, പത്തനംതിട്ട ആർ.ടി ഓഫീസിൽ ഉണ്ടായിരുന്ന ഏജന്റിന്റെ പക്കൽ നിന്നും 14,000/ രൂപയും പുനലൂർ ജെ.ആർ.ടി ഓഫീസിനുള്ളിൽ കാണപ്പെട്ട ഏജന്റിന്റെ പക്കൽ നിന്നും 8,100/ രൂപയും കരുനാഗപ്പള്ളി ആർ.ടി ഓഫീസിലെ ഏജന്റിൽ നിന്നും 1,930/ രൂപയും കാക്കനാട്ടെ ആർ.ടി ഓഫീസ് ഏജന്റിൽ നിന്നും 8,000/ രൂപയും വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

വടകര ആർ.ടി ഓഫീസിലെ ടൈപ്പിസ്റ്റിന്റെ ബാഗിൽ നിന്നും വിവിധാവശ്യങ്ങൾക്കുള്ള നിരവധി അപേക്ഷകളും ആർ.സി ബുക്കുകളും സ്റ്റിക്കറുകളും നെടുമങ്ങാട് പ്രവർത്തിക്കുന്ന ഒരു ആട്ടോ കൺസൾട്ടൻസിയിൽ നിന്നും 84 ആർ.സി ബുക്കുകളും നാല് ലൈസൻസുകളും അനധികൃതമായി സൂക്ഷിച്ചിട്ടുള്ളതായും കരുനാഗപ്പള്ളിയിലെ ഒരു ഏജന്റിന്റെ ഓഫീസിൽ നിന്നും നിരവധി പുതിയ ആർ.സി ബുക്കുകളും വാഹന പെർമിറ്റുകളും അനുബന്ധ രേഖകളും കഴക്കൂട്ടം എസ്. ആർ. ടി. പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ച ബാഗിൽ നിന്നും ആർ.സി ബുക്കുകൾ, ലൈസൻസുകൾ വാഹന സംബന്ധമായ മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തി.

കൂടാതെ മൂവാറ്റപുഴ ആർ.ടി ഓഫീസിലെ ഒരു എ എം വി ഐ യുടെ പക്കൽ നിന്നും വിജിലൻസ് കണ്ടെത്തിയ ഒൻപതോളം എ.റ്റി.എം കാർഡുകളിൽ അഞ്ചെണ്ണം ഉദ്യോഗസ്ഥന്റേതല്ലെന്ന് കണ്ടെത്തി. ഇതേ തുടർന്നു ഈ വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംസ്ഥാനത്തെ ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ വിവിധ ആർ.ടി ഓഫീസുകളിൽ നിന്നും ഏജന്റുമാരെ തിരിച്ചറിയുന്നതിലേക്കായി പ്രത്യേക അടയാളങ്ങൾ രേഖപ്പെടുത്തിയ നിരവധി അപേക്ഷകൾ വിജിലൻസ് കണ്ടെത്തിയിട്ടുള്ളതും പല ആർ.ടി ഓഫീസുകളിലും നിരവധി അപേക്ഷകളും ഫയലുകളും നടപടി സ്വീകരിക്കാതെ സൂക്ഷിച്ച് വച്ചിരിക്കുന്നതായും വിജിലൻസിന്റെ ശ്രദ്ധയിൽപ്പെട്ടു.

ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ പല ഏജന്റുമാരും ആവശ്യങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഫീസിനേക്കാൾ വളരെ കൂടുതൽ തുക അപേക്ഷകരിൽ നിന്നും ഈടാക്കുന്നതായി കണ്ടെത്തി. കോഴിക്കോട് ആർ. ടി ഓഫീസിൽ നിന്നും വാഹന രജിസ്ട്രഷന് വേണ്ടിയുള്ള 2523 അപേക്ഷകളിൽ 1469 എണ്ണം നടപടികൾ സ്വീകരിക്കാതെയും നടപടി സ്വീകരിച്ച ശേഷം പ്രിൻറ് ചെയ്യാത്ത രീതിയിൽ സ്വീകരിച്ചിരുന്ന അപേക്ഷകളും വിജിലൻസ് കണ്ടെത്തി. 1056 ഉടുമ്പഞ്ചോല,പീരുമേട് ഓഫീസുകളിൽ ഏജന്റുമാർ പ്രത്യേക അടയാളം ചെയ്തു നൽകുന്ന അപേക്ഷകൾ വളരെ വേഗം തന്നെ പ്രോസസ്സ് ചെയ്തു നൽകുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.

മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ എല്ലാം തന്നെ വരും ദിവസങ്ങളിൽ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം അറിയിച്ചു. മിന്നൽ പരിശോധനയിൽ കണ്ടെത്തുന്ന അപാകതകളെപ്പറ്റിയുള്ള വിശദമായ റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിന് അയച്ചു കൊടുക്കുന്നതാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശത്തെ തുടർന്ന് വിജിലൻസ് പോലീസ് ഇൻസ്‌പെക്ടർ ജനറൽ എച്ച്. വെങ്കിടേഷ്, ഐ.പി.എസ്, പോലീസ് സൂപ്രണ്ട്(ഇന്റ്) ഇ.എസ്, ബിജുമോൻ, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (എച്ച്.) സി. വിനോദ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ സംസ്ഥാനത്തെ എല്ലാ വിജിലൻസ് യൂണിറ്റുകളും റേഞ്ച് ഓഫീസുകളും പങ്കെടുത്തു.

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്‌സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ജനങ്ങളോട് അഭ്യർത്ഥിച്ചു.

Hot Topics

Related Articles