കോട്ടയം ഏറ്റുമാനൂർ പാറക്കണ്ടത്ത് അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി കുട്ടി അപകടത്തിൽപ്പെട്ട സംഭവം : ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു 

കോട്ടയം : കോട്ടയം ഏറ്റുമാനൂർ പാറക്കണ്ടത്ത് അശ്രദ്ധമായി തുറന്ന കാറിന്റെ ഡോർ തട്ടി കുട്ടി അപകടത്തിൽപ്പെട്ട സംഭവത്തിൽ കാർ ഡ്രൈവറുടെ ലൈസൻസ് സസ്പെന്റ് ചെയ്തു. കാർ ഓടിച്ചിരുന്ന രഞ്ജു റോയിയുടെ ലൈസൻസാണ് കോട്ടയം ആർ.ടി.ഒ സസ്പെന്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 16നായിരുന്നു കേസിന് ആസ്പദമായ സംഭവം. 

പുതുപ്പള്ളി ഇരവിനല്ലൂർ മേച്ചേരിയിൽ മഹേഷ് കുമാറിന്റെ മകൻ അർജുനനാണ് സാരമായി പരിക്കേറ്റത്. ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാനപാതയിൽ പേരൂർ കവലയ്ക്ക് സമീപമായിരുന്നു അപകടം. തലപ്പാടി സെന്റ് ജൂഡ് ഗ്ലോബൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അർജുനനും, പിതൃ സഹോദരന്റെ  ഭാര്യ ആശാപ്രദീപും സഞ്ചരിച്ച സ്കൂട്ടറാണ് അപകടത്തിൽപ്പെട്ടത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ ഡോർ ഡ്രൈവർ രഞ്ജു അലക്ഷ്യമായി തുറക്കുകയായിരുന്നു. ഇതേ തുടർന്ന് ഇരുവരും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിന്റെ ഡോർ തട്ടുകയും സ്കൂട്ടർ മറിയുകയുമായിരുന്നു. റോഡിലേക്ക് മറിഞ്ഞു വീണ കുട്ടിയുടെ കാലിലൂടെ സ്വകാര്യ ബസ് കയറിയിറങ്ങി. കോട്ടയം തെള്ളകം മാതാ ആശുപത്രിയിൽ നടത്തിയ ചികിത്സയിലാണ് കുട്ടിയുടെ കാൽ തുന്നി ചേർത്തത്. 

സംഭവത്തിൽ പോലീസ് റിപ്പോർട്ട് പ്രകാരം മോട്ടോർ വാഹന വകുപ്പ് കേസെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു. തുടർന്നാണ് ഡ്രൈവർ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളുടെ വിശദീകരണം കേട്ടശേഷം ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. 

Hot Topics

Related Articles