കൂടത്തായി കൊലപാതക പരമ്പര: കൊല്ലപ്പെട്ടവരുടെ ശരീരത്തിൽ സയസൈഡോ മറ്റു വിഷാംശങ്ങളോ ഇല്ലെന്ന് കണ്ടെത്തൽ: ഫലം പുറത്ത് വന്നത് ഹൈദരാബാദ് സെൻട്രൽ ലാബോറട്ടറിയിൽ നിന്നും 

കോഴിക്കോട് : കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസിൽ നിർണായക വഴിത്തിരിവ്. കൊല്ലപ്പെട്ട നാലു പേരുടെ മൃതദേഹത്തിൽ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നാണു ഫൊറൻസിക് പരിശോധനാ ഫലം. കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭർത്താവിന്റെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരൻ മാത്യു മഞ്ചാടിയിൽ, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈൻ എന്നിവരുടെ മൃതദേഹ സാംപിളുകളാണ് ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധിച്ചത്. പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു.

Advertisements

കൂടത്തായിയിൽ കൊല്ലപ്പെട്ട ആറു പേരിൽ ജോളിയുടെ ആദ്യ ഭർത്താവ് റോയ് തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. സയനൈഡ് ഉള്ളിൽ ചെന്നതാണു മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. മറ്റ് 5 പേരുടെ മൃതദേഹാവശിഷ്ടങ്ങൾ 2020 ജനുവരിയിൽ കോഴിക്കോട് റീജനൽ കെമിക്കൽ ലബോറട്ടറിയിൽ പരിശോധിച്ചെങ്കിലും, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മൃതദേഹ സാംപിളിൽ മാത്രമാണു സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതോടെയാണു ബാക്കി നാലു പേരുടെയും മൃതദേഹാവശിഷ്ടങ്ങൾ വിശദ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫൊറൻസിക് ലബോറട്ടറിയിൽ പരിശോധനയ്ക്ക് അയച്ചത്. കൂടത്തായി കൊലപാതക പരമ്പരയിൽ കൊല്ലപ്പെട്ട ആറു പേരിൽ അന്നമ്മ തോമസിനെ ഡോഗ്കിൽ എന്ന വിഷം നൽകിയും മറ്റുള്ളവരെ സയനൈഡ് നൽകിയും ജോളി കൊലപ്പെടുത്തി എന്നാണു കുറ്റപത്രം.

സ്വത്ത് തട്ടിയെടുക്കാന്‍ തയാറാക്കിയ വ്യാജ ഒസ്യത്തും അതുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു പരാതിയുമാണ്, സ്വാഭാവിക മരണങ്ങളായി അവശേഷിക്കുമായിരുന്ന ആറു മരണങ്ങള്‍ കൊലപാതകങ്ങളാണെന്ന് കണ്ടെത്തിയത്. പൊന്നാമറ്റം കുടുംബത്തിലെ മരുമകള്‍ ജോളി തോമസ് സ്വത്ത് കൈക്കലാക്കുന്നതിനാണ് ആറു പേരെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രം. 2002 മുതൽ 2014 വരെയുള്ള കാലയളവിലാണ് ഇവർ മരിച്ചത്.

ഇതില്‍ റോയി തോമസിന്റെ മരണമാണ് സംശയത്തിനിടയാക്കിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തി. പക്ഷേ ആത്മഹത്യയാണെന്നായിരുന്നു നിഗമനം. റോയിയുടെ മരണം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ജോളി തോമസ് മനഃപൂർവം ശ്രമിക്കുകയായിരുന്നുവെന്ന് പിന്നീട് വ്യക്തമായി. റോയിയുടെ സഹോദരന്‍ റോജോ തോമസ് വടകര റൂറല്‍ എസ്പിക്ക് വ്യാജ ഒസ്യത്തുമായി ബന്ധപ്പെട്ട് നൽകിയ പരാതിയാണ് കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്.

അന്നത്തെ റൂറല്‍ എസ്പി കെ.ജി.സൈമണിന്റെ നേതൃത്വത്തില്‍ മൂന്നു മാസം നീണ്ട അന്വേഷണത്തിന് ഒടുവിൽ 2019ൽ കല്ലറകള്‍ തുറന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തു. തൊട്ടടുത്ത ദിവസം ജോളിയെ അറസ്റ്റ് ചെയ്തു. ജോളിക്കായി സയനൈഡ് ശേഖരിച്ചതിന് സൃഹൃത്ത് എം.എസ്.മാത്യു, ഇയാൾക്ക് സയനൈഡ് നല്‍കിയതിന് സ്വര്‍ണപ്പണിക്കാരന്‍ പ്രിജുകുമാര്‍ എന്നിവരും അറസ്റ്റിലായി.

ഒന്നാം പ്രതി ജോളിയും രണ്ടാം പ്രതി എം.എസ്.മാത്യുവും ജയിലിലാണ്. ആറു കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അഞ്ചു മരണങ്ങളും സയനൈഡ് ഉള്ളില്‍ ചെന്നാണെന്നാണ് കുറ്റപത്രം. സിലിയുടെ ആന്തരികാവയവങ്ങളില്‍ നടത്തിയ പരിശോധനയില്‍ സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് കുറ്റപത്രം സമര്‍പ്പിച്ചതിനു ശേഷമാണ്. സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത് റോയി തോമസിന്റെ ശരീരത്തില്‍ നിന്നായിരുന്നു. അവശേഷിക്കുന്ന നാലു പേരുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലമാണ് ഇപ്പോൾ പുറത്തുവന്നത്.

Hot Topics

Related Articles