കാസർഗോഡ് : കുമ്പളയിൽ പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ തൃപ്തരല്ലെന്ന് ഫർഹാസിന്റെ കുടുംബം. ജുഡീഷ്യൽ അന്വേഷണം വേണം. പിന്തുടർന്ന പൊലീസുകാർ മദ്യപിച്ചിരുന്നു. ഫർഹാസും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളും ഇക്കാര്യം പറഞ്ഞു. കുറ്റക്കാരായ പൊലീസുകാരെ പിരിച്ച് വിടണമെന്നും സഹോദരൻ ആവശ്യപ്പെട്ടു.
എന്നാൽ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. ഇന്നലെ തന്നെ കാസർഗോഡ് ഡിവൈഎസ്‌പി അന്വേഷണം പൂർത്തിയാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമുള്ള നടപടിയാണിത്. എസ്‌ഐ രജിത് സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, ദീപു എന്നിവരെയാണ് സ്ഥലം മാറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് പിന്തുടർന്ന കാർ അപകടത്തില്‍പെട്ട് വിദ്യാർഥി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് രംഗത്തെത്തി. പൊലീസ് കിലോമീറ്ററുകളോളം വിദ്യാർഥികൾ സഞ്ചരിച്ച കാർ ചെയ്സ് ചെയ്തു. ഇതാണ് അപകടത്തിന് കാരണമെന്നും നടപടി വേണമെന്നും എൻ എ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു.
അംഗടിമോഗർ ജിവി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ വെള്ളിയാഴ്ചയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഗുരുതരമായി പരുക്കേറ്റ 17 വയസുകാരനായ ഫർഹാസ് മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പൊലീസ് പിന്തുടർന്നതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് ആരോപിച്ച് ഫർഹാസിന്‍റെ കുടുംബം മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.