‘ഭരണഘടനയെ മാറ്റുമെന്ന് പറയുന്ന നേതാക്കളെ പുറത്താക്കാൻ മോദിക്ക് ധൈര്യമുണ്ടോ’?; വെല്ലുവിളിച്ച്‌ മല്ലികാര്‍ജുൻ ഖാര്‍ഗെ

ദില്ലി : രാജ്യത്ത് വികസനവും അടിസ്ഥാന സൗകര്യങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷയുമെല്ലാം ഒരുക്കിയത് ഇന്ത്യൻ നാഷണല്‍ കോണ്‍ഗ്രസ്‌ ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അതിനെയെല്ലാം ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുകയാണ്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ ആർഎസ്‌എസ് ഈ രാജ്യത്തെ ഭരണഘടനയെ മാറ്റും. അതിന് വേണ്ടിയാണ് 400 സീറ്റ് അവർ ആവശ്യപ്പടുന്നതെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഭരണഘടനയെ മാറ്റും എന്ന് പറയുന്ന നേതാക്കളെ പുറത്താക്കാൻ മോദിക്ക് ധൈര്യമുണ്ടോ. മോദി പറയുന്നതും പ്രവർത്തിക്കുന്നതും തമ്മില്‍ ബന്ധമില്ല. കോണ്‍ഗ്രസ്‌ അധികാരത്തില്‍ എത്തിയാല്‍ ജാതി സെൻസസ് നടത്തും. അത് ജനങ്ങളെ വിഭജിക്കാനല്ല. എല്ലാവർക്കും ആനുകൂല്യങ്ങള്‍ നല്‍കാനാണ്.

തമിഴ്നാട് മോഡല്‍ സംവരണം രാജ്യത്ത് നടപ്പിലാക്കും. വിദ്യാഭ്യാസം, തൊഴില്‍ എന്നിവ എല്ലാവർക്കും ഉറപ്പിക്കുമെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദി പറയുന്നതില്‍ എന്താണ് സത്യം ഉള്ളത്. 15 ലക്ഷം ആർക്കെങ്കിലും കിട്ടിയോ. മോദി പറയുന്നത് മുസ്ലിം ലീഗിന്റെ പ്രകടന പത്രിക ആണ് കോണ്‍ഗ്രസിന്റേത് എന്നാണ്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നത്, കർഷകരുടെ വരുമാനം വർധിപ്പിക്കുന്നത്, സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പ് വരുതുന്നത് എന്നൊക്കെ പറയുന്നത് ആണോ ലീഗിന്റെ പ്രകടന പത്രിക. മോദിക്ക് രാജ്യത്തെ പേടിയാണ്. അയാള്‍ സ്വയം പറയുന്നത് അന്തർദേശീയ നേതാവ് എന്നാണെന്നും മല്ലികാർജുൻ ഖാർഗെ പറ‍ഞ്ഞു. കേരള സർക്കാരിനെ ജനങ്ങള്‍ എങ്ങനെ സഹിക്കുന്നു. ഈ സർക്കാർ അധികാരത്തില്‍ വന്നതിനു ശേഷം കടക്കെണിയിലാക്കി. വികസന പ്രവർത്തനങ്ങള്‍ക്കുള്ള പണം ഈ സർക്കാരിന്റെ കൈയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles