മണിപ്പൂർ വിഷയം : ലോക്സഭയിൽ പ്രതിപക്ഷ പ്രതിഷേധം രൂക്ഷം ; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ അംഗങ്ങൾ ; സഭ താൽക്കാലികമായി നിർത്തി വെച്ചു

ഡൽഹി: മണിപ്പൂർ വിഷയത്തിൽ അടിയന്തര ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിൽ പ്രതിഷേധം. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു.
പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതിനാൽ‌ ഒരു മണിക്കൂർ നേരത്തേക്ക് സഭ നിർത്തി വെച്ചു. ഉച്ചക്ക് രണ്ടര വരെയാണ് നിർത്തി വെച്ചത്.

Advertisements

വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ അം​ഗങ്ങൾ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. എംപിമാരായ എൻ കെ പ്രേമചന്ദ്രൻ, മനീഷ് തിവാരി, മാണിക്യം ടാഗോർ എന്നിവരാണ് നോട്ടീസ് നൽകിയത്. മണിപ്പൂർ വിഷയത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് പാ‍ർലമെന്റിൽ പ്രസ്താവന നടത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചട്ടം 267 പ്രകാരം മണിപ്പൂർ വിഷയം രാജ്യസഭ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഞ്ജയ് സിംഗ്, രാജീവ് ശുക്ല, മനോജ് കുമാർ ജാ എന്നിവരും കത്ത് നൽകിയിരുന്നു. വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നലെ പ്രതിപക്ഷ പ്രതിഷേധം നടന്നിരുന്നു. സഭാ നടപടികൾ നിർത്തിവെച്ച് മണിപ്പൂർ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സഭയിൽ കാര്യങ്ങൾ വ്യക്തമാക്കണം എന്നും പ്രതിപക്ഷം ആവശ്യമുന്നയിച്ചിരുന്നു.

പ്രതിഷേധം കനത്തതോടെ ലോക്സഭയും രാജ്യസഭയും ഇന്നലെ പിരിയുകയായിരുന്നു. അതേസമയം മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന് പുറത്തായിരുന്നു പ്രധാനമന്ത്രി ഇന്നലെ പ്രതികരിച്ചത്. പാർലമെൻ്റ് സെഷന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നുവിഷയത്തിൽ നരേന്ദ്ര മോദി പ്രതികരിച്ചത്.

മണിപ്പൂരിൽ കുക്കി വിഭാ​ഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സം​ഗം ചെയ്ത സംഭവത്തിൽ വലിയ പ്രതിഷേധമാണ് രാജ്യത്തുടനീളം ഉയരുന്നത്. രണ്ടര മാസം മുൻപ് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അക്രമികളെ പിടികൂടാൻ പൊലീസ് ഏഴ് സംഘങ്ങളെ നിയോഗിച്ചിരുന്നു. മുഖ്യപ്രതിയെ ഉൾപ്പെടെ നാലു പേരെ പൊലീസ് ഇത് വരെ അറസ്റ്റ് ചെയ്തു.





Hot Topics

Related Articles