മണ്ണാർക്കാട് പിതാവിന്റെ കൺമുൻപിൽ വെച്ച് കുളത്തിൽ വീണ് സഹോദരിമാരായ 3 പെൺകുട്ടികൾ മരിച്ചു

പാലക്കാട്: പിതാവിന്റെ കൺമുൻപിൽ വെച്ച് കുളത്തിൽ വീണ് സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ മരിച്ചു. ഇന്ന് ഉച്ചയോടെ മണ്ണാർക്കാട് ഭീമനാട് പെരുങ്കുളത്തിലാണ് അപകടം നടന്നത്. റംഷീന (23) നാഷിദ (26) റിൻഷി (18) എന്നിവരാണ് മരിച്ചത്. ഓണം അവധിക്ക് സ്വന്തം വീട്ടിൽ ഒത്തുകൂടിയപ്പോൾ കുളത്തിൽ കുളിക്കാൻ എത്തുകയായിരുന്നു. അച്ഛൻ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കെ തൊട്ടപ്പുറത്തായി കുളിക്കാനിറങ്ങിയ മക്കളിലൊരാൾ വെള്ളത്തിൽ താഴ്ന്നുപോയി. രക്ഷിക്കാൻ ചാടിയ മറ്റ് രണ്ട് പേരും അപകടത്തിൽ പെടുകയായിരുന്നു. അരമണിക്കൂറോളം കഴിഞ്ഞാണ് മൂന്ന് പേരെയും വെള്ളത്തിൽ നിന്ന് പുറത്തെടുത്തത്.

Advertisements

മരിച്ച റംഷീനയും നാഷിദയും വിവാഹിതരാണ്. റിൻഷി അവിവാഹിതയാണ്. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റംഷീനയും നാഷിദയും. ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകൾ കുളിക്കാനെത്തുന്നതാണ് ഇവിടെ. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. ഇതുവഴി വന്ന ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. പിന്നാലെ നാട്ടുകാർ മൂന്ന് പേരെയും കരക്കെത്തിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചിരുന്നു. അൽപ്പം ജീവൻ ബാക്കിയുണ്ടായിരുന്ന മൂന്നാമത്തെയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പിന്നാലെ മൂന്ന് പേരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി സംസ്കരിക്കും.

Hot Topics

Related Articles