മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു: വിവാദ ഡ്രൈവർ യദുവിനെതിരെ പൊലീസ് റിപ്പോർട്ട് : മെമ്മറി കാർഡ് കാണാതായതിലും സംശയം 

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനുമായി നടുറോഡില്‍ വാക്കുതർത്തിലേർപ്പെട്ട കെഎസ്‌ആർടിസി ഡ്രൈവർ യദുവിനെ വിടാതെ പൊലീസ്. മേയറുമായി തർക്കമുണ്ടായ ദിവസം ബസ് ഓടിച്ചുകൊണ്ടിരിക്കെ യദു ഒരുമണിക്കൂറോളം ഫോണില്‍ സംസാരിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടില്‍ പറയുന്നത്. ഇതിനെക്കുറിച്ച്‌ കെഎസ്‌ആർടിസിക്കും റിപ്പോർട്ട് നല്‍കും.

തൃശൂരില്‍ നിന്ന് യാത്ര തുടങ്ങി മേയറുമായി പ്രശ്നമുണ്ടായ പാളയം എത്തുന്നതുവരെ പലതവണയായി യദു ഒരു മണിക്കൂറോളം ഫോണില്‍ സംസാരിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത്രയും ദൂരം യാത്രചെയ്യുന്നതിനിടെ ബസ് നിർത്തിയിട്ട് വിശ്രമിച്ചത് വെറും 10 മിനിറ്റില്‍ താഴെ മാത്രമാണ്. അതുകൊണ്ടുതന്നെ ബസ് ഓടിച്ചുകൊണ്ടായിരുന്നു യദുവിന്റെ ഫോണ്‍ സംസാരമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിക്കുന്നത് ഗുരുതര കുറ്റമാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതിനിടെ, ബസിലെ സിസിടിവി കാമറയിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിലും പൊലീസ് അന്വേഷണം നീളുന്നത് യദുവിലേക്ക് തന്നെയാണ് റിപ്പോർട്ട്. തർക്കം നടന്നതിന് പിറ്റേദിവസം പകല്‍ തമ്ബാനൂർ ഡിപ്പോയില്‍ പാർക്കുചെയ്തിരുന്ന ബസിന് സമീപം യദു എത്തിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് യദുവിന്റെ ഫോണ്‍വിളി വിവരങ്ങളും പരിശോധിക്കും. മെമ്മറി കാർഡ് ബസില്‍ ഇട്ടത് എന്നാണെന്ന വിവരവും പൊലീസ് കെഎസ്‌ആർടിസിയോട് തേടിയിട്ടുണ്ട്. എന്നാല്‍ ഇതിന് കെഎസ്‌ആർടി മറുപടി കൊടുത്താേ എന്ന് വ്യക്തമല്ല.

കോടതി പറഞ്ഞു, കേസെടുത്തു

മേയർ ആര്യാ രജേന്ദ്രനും കുടുംബവും സഞ്ചരിച്ച കാർ കെ.എസ്.ആർ.ടി.സി ബസിന് മുന്നില്‍ നിറുത്തിയിട്ട സംഭവത്തില്‍ കന്റോണ്‍മെന്റ് പൊലീസ് കോടതി നിർദ്ദേശാനുസരണം കേസെടുത്തു. ആര്യ രാജേന്ദ്രൻ, ഭർത്താവ് സച്ചിൻദേവ് എം.എല്‍.എ കണ്ടാലറിയാവുന്ന മറ്റ് മൂന്നുപേർ എന്നിവരെ പ്രതികളാക്കിയാണ് കേസ്. ഹൈക്കോടതി അഭിഭാഷകനായ ബൈജു നോയല്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ 30ന് ഹർജി നല്‍കിയിരുന്നു. ഇന്നലെ വൈകിട്ട് കേസെടുക്കാൻ നിർദ്ദേശിച്ചു. രാത്രി വൈകി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ജോലി തടസപ്പെടുത്തി, ഗതാഗത തടസമുണ്ടാക്കി, പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Hot Topics

Related Articles