എം.ജി സർവകലാശാല വാർത്തകൾ ഇവിടെ അറിയാം

വികസ്വര രാജ്യങ്ങളിലെ  റാങ്കിംഗിൽ എം.ജി.ക്ക് മുന്നേറ്റം

Advertisements

യു.കെ. ആസ്ഥാനമായ ടൈംസ് ഹയർ എജ്യൂക്കേഷൻ ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് നടത്തിയ ലോകത്തെ വികസ്വര രാജ്യങ്ങളിലെ മികച്ച സർവകലാശാല റാങ്കിംഗിൽ മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് 101-ാം സ്ഥാനം. ലോകത്തെ 50 മേഖലകളിൽ നിന്നുള്ള 698 സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. അധ്യാപന-ഗവേഷണ മേഖലകളിലെ മികവ്, അറിവ് കൈമാറ്റം ചെയ്യപ്പെടുന്നതിനുള്ള സംവിധാനങ്ങൾ തുടങ്ങിയ വിവിധ മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് റാങ്ക് പട്ടിക തയാറാക്കിയിട്ടുള്ളത്. 15.4 വിദ്യാർഥികൾക്ക് ഒരു സ്റ്റാഫ് എന്ന മികച്ച അനുപാതം പുലർത്തുന്ന മഹാത്മാഗാന്ധി സർവകലാശാലയിലെ വിദ്യാർഥികളിലെ സ്ത്രീ-പുരുഷ അനുപാതം 68:32 ആണെന്നും റാങ്കിംഗ് സാക്ഷ്യപ്പെടുത്തുന്നു. റാങ്ക് പട്ടികയിലെ ആദ്യ അഞ്ച് സ്ഥാനങ്ങൾ നേടിയിട്ടുള്ളത് ചൈനയിൽ നിന്നുള്ള സർവകലാശാലകളാണ്. ഇന്ത്യയിൽ നിന്നുള്ള 25 സ്ഥാപനങ്ങളാണ് റാങ്കിംഗിൽ ഇടംപിടിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നുള്ള സ്ഥാപനങ്ങളിൽ അഞ്ചാം സ്ഥാനമാണ് മഹാത്മാഗാന്ധി സർവകലാശാലക്കുള്ളത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബിരുദപ്രവേശനം 25 വരെ

മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ വിവിധ ബിരുദപ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ 18 വരെ ഓൺലൈനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നും സംവരണ-മെറിറ്റ് തത്വങ്ങൾ പാലിച്ച് കോളേജുകൾക്ക് പ്രവേശനം നടത്താം. പ്രവേശനനടപടികൾ നവംബർ 25ന് പൂർത്തീകരിക്കാൻ കോളേജുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

എം.എസ് സി. മാത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഡാറ്റാ സയൻസ്

 
മഹാത്മാഗാന്ധി സർവകലാശാലയിൽ പുതുതായി ആരംഭിച്ച സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ് സി. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് പ്രോഗ്രാമുകൾക്കും സ്‌കൂൾ ഓഫ് ഡാറ്റാ അനലറ്റക്‌സിലെ എം.എസ് സി. ഡാറ്റാ സയൻസ് ആന്റ് അനലറ്റിക്‌സ് പ്രോഗ്രാമിനും തുടക്കമായി. മികച്ച ലാബ്-ലൈബ്രറി സൗകര്യങ്ങളോടെ ആരംഭിച്ചിട്ടുള്ള പ്രോഗ്രാമുകളുടെ ഓൺലൈൻ ക്ലാസുകൾ നവംബർ 18ന് തുടങ്ങും. യു.ജി.സി.-സി.എസ്.ഐ.ആർ. നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷകൾക്കും യു.പി.എസ്.സി. നടത്തുന്ന ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് പരീക്ഷകൾക്കും പഠനത്തോടൊപ്പം ഇവിടെ പരിശീലനവും നൽകും. മഹാത്മഗാന്ധി സർവകലാശാല മുഖ്യ കാമ്പസിൽതന്നെ നടത്തപ്പെടുന്ന ഈ പ്രോഗ്രാമുകളിൽ ക്ലാസുകളെടുക്കുന്നതിന് ഇന്ത്യയിലും വിദേശത്തുനിന്നുമുള്ള വിദഗ്ധരുമുണ്ടാകുമെന്ന് വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് പറഞ്ഞു.

ഇന്റർ ഡിസിപ്ലിനറി ഗവേഷണത്തിനും തൊഴിൽ പരിശീലനത്തിനും പ്രാമുഖ്യം നൽകുന്ന പഠനരീതിയാണ് ഈ പ്രോഗ്രാമുകളുടെ പ്രത്യേകത. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ ഗവേഷണസ്ഥാപനങ്ങളുമായും യൂണിവേഴ്‌സിറ്റികളുമായും വ്യവസായ സ്ഥാപനങ്ങളുമായും സഹകരിച്ചാണ് പ്രോഗ്രാമുകളുടെ കരിക്കുലം തയാറാക്കിയിരിക്കുന്നത്.

ഗവേഷണ മേഖലയിലും തൊഴിൽ കമ്പോളത്തിലും ഏറ്റവും ഡിമാന്റുള്ള നൂതന പ്രോഗ്രാമുകളാണ് ഡേറ്റാ സയൻസും ഡേറ്റാ അനലിറ്റിക്‌സും. മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ് എന്നിവയിൽ മികവ് തെളിയിച്ച വിദ്യാർഥികളെ മുന്നിൽക്കണ്ടാണ് കോഴ്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് സ്‌കൂളുകൾക്ക് നേതൃത്വം നൽകുന്ന ഓണററി ഡയറക്ടർ ഡോ. കെ.കെ.ജോസ് അറിയിച്ചു.

സാമ്പത്തിക മാനേജ്‌മെന്റ്, ആരോഗ്യം, വികസനം, ഗവേഷണം, കാലാവസ്ഥാ പ്രവചനം, രോഗനിർണയം, എൻജിനീയറിംഗ് മേഖലകളിൽ ഡേറ്റാ അനലിസ്റ്റുകൾക്കും ഡേറ്റാ എൻജിനീയർമാർക്കും വൻതോതിലുള്ള ആവശ്യമാണുള്ളത്. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം, വിവിധ സംസ്ഥാനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പുകൾ എന്നിവിടങ്ങളിൽ സ്റ്റാറ്റിസ്റ്റിക്‌സ് എം.എസ് സി.ക്കാർക്ക് മികച്ച അവസരങ്ങൾ ഉണ്ട്. . പ്രോഗ്രാമുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8304870247.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ലെറ്റേഴ്‌സിൽ എം.എ. മലയാളം (2021-23) പ്രോഗ്രാമിലേക്ക് എസ്.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 15ന് രാവിലെ 11.30ന് പഠനവകുപ്പിൽ നടക്കുന്ന സ്‌പോട് അഡ്മിഷൻ പങ്കെടുക്കണം.

മഹാത്മാഗാന്ധി സർവകലാശാല സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതിയിൽ ആരംഭിക്കുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ കോഴ്‌സിലേക്ക് (2021 അഡ്മിഷൻ) ജനറൽ, ഇ.ഡബ്ല്യു.എസ്., എച്ച്.ഒ.ബി.സി., മുസ്‌ലിം, എക്‌സ്.ഒ.ബി.സി. സീറ്റുകൾ ഒഴിവുണ്ട്. മഹാത്മാഗാന്ധി സർവകലാശാല അംഗീകരിച്ച ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ 16ന് ഉച്ചയ്ക്ക് 12നകം ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. സംവരണ വിഭാഗങ്ങളിലുള്ള വിദ്യാർഥികൾ നിശ്ചിതസമയത്ത് ഹാജരാകാത്തപക്ഷം അവരുടെ സീറ്റുകളിലേക്ക് ജനറൽ വിഭാഗം വിദ്യാർഥികളെ നവംബർ 17ന് രാവിലെ11ന് പരിഗണിക്കും.

എസ്.സി. വിഭാഗത്തിൽ ആറും എസ്.ടി. വിഭാഗത്തിലുള്ള രണ്ടും ഒഴിവുകളിലേക്കുള്ള പ്രവേശനം  നവംബർ 17ന് വൈകീട്ട് 3.30 വരെ നടക്കും. താത്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഭരണവിഭാഗം ഓഫീസിൽ (റൂം നമ്പർ 21) നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 9447569925.

പരീക്ഷാ ഫലം

2021 ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. എം.എസ് സി. ഫിസിക്‌സ് (മെറ്റീരിയൽ സയൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 26 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജൂലൈയിൽ സ്‌കൂൾ ഓഫ് ബയോസയൻസ് നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ് സി. (മൈക്രോബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഫിസിക്‌സ്) (2020-22 – സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

‘പ്ലാസ്റ്റിക്കിന് ബദൽ ജൈവ പോളിമറുകൾ’

സൂക്ഷ്മാണുക്കളിൽ നിന്നുള്ള ജൈവ പോളിമറുകൾ വരുന്നതോടെ ഭാവിയിൽ കൃത്രിമ പ്ലാസ്റ്റിക് മുഖേനയുള്ള മലിനീകരണം നിയന്ത്രിക്കാൻ കഴിയുമെന്ന് പ്രമുഖ റഷ്യൻ ഗവേഷകയും സൈബീരിയൻ ഫെഡറൽ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള അധ്യാപകയുമായ പ്രൊഫ. എസ്.വി. പ്രുഡ്‌നികോവ് പറഞ്ഞു.

മഹാത്മാഗാന്ധി സർവകലാശാലയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭൗതികശാസ്ത്രമേഖലയിലെ ഗവേഷണം സംബന്ധിച്ച ഇന്റർനാഷണൽ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. മനുഷ്യനിർമിതമായ ഏറ്റവും അപകടകാരിയായ വസ്തു കീടനാശിനികളാണ്. കാർഷികവിളകളുടെ സംരക്ഷണത്തിനായി കൂടുതൽ പരിസ്ഥിതി സൗഹൃദമായരീതികൾ ഉണ്ടാകേണ്ടതുണ്ട്. ബയോപോളിമറുകൾക്ക് ഈ മേഖലയിലും വലിയ സാധ്യതകളാണുള്ളത്. സൈബീരിയൻ ഫെഡറൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക പ്രൊഫ. ടിഷ്യാന വൊലോവയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി സർവകലാശാലയുടെ സഹകരണത്തോടെ ഈ രംഗത്ത് നടക്കുന്ന ഗവേഷണങ്ങൾ ആശാവഹമായി പുരോഗമിക്കുകയാണെന്നും അവർ അറിയിച്ചു. സംയുക്ത ഗവേഷണ പദ്ധതിയുടെ ഭാഗമായി റഷ്യൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം ഗവേഷണ പരിപാടികൾ വിലയിരുത്തുന്നതിനായി മഹാത്മാഗാന്ധി സർവകലാശാലയിൽ സന്ദർശനം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

പോളിഷ് സർവകലാശാലകളായ റോക്ക്‌ലോ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, ഡാൻസ്‌ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി തുടങ്ങിയവയുടെ സഹകരണത്തോടെ ഓൺലൈനായി സംഘടിപ്പിച്ചിട്ടുള്ള കോൺഫറൻസിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് സംസാരിച്ചു. സ്വദേശത്തും വിദേശത്തും നിന്നുള്ള നിരവധി ഗവേഷകർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

അക്കാദമിക് കൗൺസിൽ യോഗം ഡിസംബർ 22ന്

 
മഹാത്മാഗാന്ധി സർവകലാശാല അക്കാദമിക് കൗൺസിലിന്റെ യോഗം ഡിസംബർ 22ന് രാവിലെ 10ന് നടക്കും. നേരിട്ട് പങ്കെടുക്കുവാൻ ബുദ്ധിമുട്ടുള്ളവർക്ക് ഓൺലൈനായി പങ്കെടുക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. യോഗത്തിൽ അവതരിപ്പിക്കുന്നതിനുള്ള പ്രമേയങ്ങൾ മുൻകൂറായി ഡിസംബർ ഒന്നിനകം അംഗങ്ങൾ രജിസ്ട്രാർക്ക് നൽകേണ്ടതാണ്. യോഗത്തിന്റെ അജണ്ട, ഓൺലൈനായി പങ്കെടുക്കുന്നതിനുള്ള ലിങ്ക് എന്നിവ ഇ-മെയിലിൽ അയച്ചുനൽകുന്നതിനായി അംഗങ്ങളുടെ ഇ-മെയിൽ വിലാസം [email protected] എന്ന ഇ-മെയിലിലേക്ക് അയച്ചുനൽകണം.

ദേശീയ ഗ്രന്ഥാലയ വാരാചരണം

മഹാത്മാഗാന്ധി സർവകലാശാല ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ദേശീയ ഗ്രന്ഥാലയ വാരാചരണം നവംബർ 14 മുതൽ 20 വരെ വിവിധ പരിപാടികളോടെ നടക്കും. നവംബർ 15ന് വൈകീട്ട് 7.30ന് രജിസ്ട്രാർ പ്രൊഫ. ഡോ. പ്രകാശ് കുമാർ ബി പരിപാടി ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ ഡോ. എസ്.എൽ. ഫൈസൽ, ബി.നോയ് മാത്യു, ബ്ലെയ്‌സ് ജോണി, ഡോ. സെബാസ്റ്റ്യൻ ജോസഫ് എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും. ഗൂഗിൾ മീറ്റ് വഴിയാണ് പരിപാടി നടക്കുന്നത്. നവംബർ 15 മുതൽ 20 വരെ സർവകലാശാല ലൈബ്രറിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും

Hot Topics

Related Articles