കൊച്ചി: ഖത്തറിൽ സ്‌കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്നലെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അൽ വക്രയിലെ മോർച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അർപ്പിക്കാനെത്തിയത്.
നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന് നാലുവയസുകാരിയുടെ ജീവൻ പൊലിഞ്ഞത്. രാവിലെ സ്‌കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാർ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം. രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദോഹയിൽ നിന്ന് പുലർച്ചെ ഒന്നരക്കുള്ള വിമാനത്തിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത്. എട്ടരയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം തുടർന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും. മിൻസയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആവശ്യമായ എല്ലാ സഹായവും ഖത്തർ സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. സ്‌കൂൾ അടയ്ക്കാൻ ഉത്തരവായിട്ടുണ്ട്. അൽ വക്രയിലെ സ്പ്രിങ്ഫീൽഡ് കിൻഡർ ഗാർഡൻ ആണ് വിദ്യാഭ്യാസ മന്ത്രാലയം അടപ്പിച്ചത്.