ആലപ്പുഴ :തലയിൽ മരം വീണ് അബോധാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞ ബംഗാൾ സ്വദേശിയായ യുവാവിനെ നാട്ടിൽ എത്തിക്കാൻ യു.പ്രതിഭ എംഎൽഎ തുണയായി. ബംഗാൾ മാർഡാ സ്വദേശി ഷേക്ക് സൊഹയിലിനെ (22) ബന്ധുക്കൾക്കൊപ്പം ഇന്നലെ നാട്ടിലേക്ക് യാത്രയാക്കി.
കായംകുളത്ത് മരം മുറിക്കുന്ന ജോലി ചെയ്യുന്നതിനിടെ നവംബർ 16 നായിരുന്നു അപകടം. കായംകുളം ചക്കാല ജംക്‌ഷനിൽ വച്ച് ജോലിക്കിടെ മരം ഒടിഞ്ഞ് സൊഹയിലിന്റെ തലയിൽ വീണു. തലയോട് ഇളക്കി ശസ്ത്രക്രിയയ്ക്കു ശേഷം ഒന്നര മാസത്തോളം വെന്റിലേറ്ററിലും ന്യൂറോ വിഭാഗത്തിലും ചികിത്സിച്ചു. ഇതുവരെയും ബോധം തിരിച്ചു കിട്ടിയില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഭാര്യ ഹെനയും മകൻ അഫ്രിനും (3) നാട്ടിലാണ്. നാട്ടിലെത്തിച്ച് നല്ല പരിചരണം നൽകിയാൽ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും നാട്ടിൽ എത്തിക്കാനുള്ള ഭീമമായ ചെലവ് പ്രശ്നമായി.
അതിനിടെ എംഎൽഎയുടെ പരാതി പരിഹാര വാട‌്സാപ് റേഡിയോയെക്കുറിച്ച് വിവരം ലഭിച്ചു. വിവരം അറിഞ്ഞയുടൻ എംഎൽഎ വാക്കു കൊടുത്തു. പക്ഷേ വലിയ തുക കണ്ടെത്തുക പ്രശ്നമായി. പ്രവാസി വ്യവസായിയായ പത്തിയൂർ സ്വദേശി സജി ചെറിയാനെ എംഎൽഎ തന്നെ സമീപിച്ചതോടെ ആ ശ്രമവും വിജയിച്ചു. ഐസിയു ആംബുലൻസിൽ ഇന്നലെ ഉച്ചയോടെ സൊഹയിലിനെ യാത്രയാക്കാനും എംഎൽഎ എത്തിച്ചേർന്നു.