തിരുവനന്തപുരം : നീറ്റ് യുജി പുനപ്പരീക്ഷയ്ക്ക് മുന്നോടിയായി രാജ്യത്തുടനീളം ടെലിഗ്രാം ആപ്പിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് യങ് ഡെമോക്രാറ്റ്സ് സംസ്ഥാന കണ്‍വീനര്‍ എം എം താഹിര്‍.
നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ (എന്‍ടിഎ) പരാജയങ്ങളും പരീക്ഷാ അട്ടിമറികളും മൂടി വെക്കുന്നതിനുള്ള കേന്ദ്രത്തിന്റെ ഒളിച്ചോട്ടമാണിതെന്നും ചോദ്യപേപ്പര്‍ ചോര്‍ച്ചയും ക്രമക്കേടുകളും തടയുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാനാണ് ടെലിഗ്രാമിനെ ബലിയാടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാ തട്ടിപ്പുകള്‍ക്ക് ശാശ്വത പരിഹാരം കാണാതെ, ആശയവിനിമയ സംവിധാനങ്ങള്‍ അടച്ചുപൂട്ടുന്നത് വഴി വിദ്യാര്‍ഥികളോടും ജനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ വെല്ലുവിളി പരീക്ഷാ തയ്യാറെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സംശയനിവാരണത്തിനും പഠന ഗ്രൂപ്പുകള്‍ക്കുമായി ആയിരക്കണക്കിന് സാധാരണക്കാരായ ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കുന്ന പ്ലാറ്റ്ഫോമാണ് ടെലിഗ്രാം. യഥാര്‍ഥ കുറ്റവാളികളെയും മാഫിയകളെയും പിടികൂടുന്നതിന് പകരം, ഡിജിറ്റല്‍ അവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് ആപ്പ് നിരോധിക്കുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ പഠനസാധ്യതകളെയാണ് ഇല്ലാതാക്കുന്നത്. പരീക്ഷാ തട്ടിപ്പ് തടയാന്‍ ഇതൊരു ശാശ്വത പരിഹാരമല്ല. കോടിക്കണക്കിന് യുവാക്കളുടെ ഭാവി വച്ചാണ് ഈ സര്‍ക്കാര്‍ പന്താടുന്നത്. പരീക്ഷാ അട്ടിമറികളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് അടിയന്തരമായി രാജിവയ്ക്കുകയാണ് വേണ്ടത്. വിദ്യാര്‍ഥി വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ ഇത്തരം നടപടികള്‍ക്കെതിരേ ശക്തമായ യുവജന പ്രക്ഷോഭം ഉയര്‍ന്നുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നീറ്റ് പരീക്ഷാ തട്ടിപ്പ് മറയ്ക്കാന്‍ ടെലിഗ്രാം നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി അപഹാസ്യം: എം എം താഹിര്‍

Advertisements

