കോട്ടയം : കോട്ടയം പള്ളിപ്പുറത്തുകാവ് അമ്പലത്തിനു മുന്നിൽ ആൽമരക്കൊമ്പ് ഒടിഞ്ഞുവീണ് അപകടം. ഇന്ന് വൈകുന്നേരം ഏഴരയോടുകൂടിയായിരുന്നു സംഭവം. സംഭവ സമയം പ്രദേശത്ത് ആളുകൾ ഒന്നും തന്നെ ഉണ്ടാവാതിരുന്നത് കാരണം വൻ അപകടമാണ് ഒഴിവായത്. വിവരം നാട്ടുകാർ ഉടൻതന്നെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരെയും പോലീസിനെയും അറിയിച്ചു. അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പിന്നീട് മരം മുറിച്ചു മാറ്റി. കഴിഞ്ഞ കുറെ നാളുകളായി പള്ളിപ്പുറത്തുകാവ് അമ്പലത്തിന് മുമ്പിൽ റോഡിലേക്ക് അപകടകരമായ രീതിയിലാണ് ആൽമരത്തിന്റെ കൊമ്പ് നിന്നിരുന്നത്.
സ്ഥിരമായി ഓട്ടോ ജീവനക്കാരും പ്രദേശവാസികളും ക്ഷേത്രത്തിൽ എത്തുന്നവരും ആൽമര ചുവട്ടിൽ ഇരിക്കാൻ വരുന്നത് പതിവാണ്. എന്നാൽ സംഭവസമയം ആരും തന്നെ ഉണ്ടാവാതിരുന്നത് വലിയ അപകടമാണ് ഒഴിഞ്ഞു മാറിയത്. അപകടത്തെ തുടർന്ന് പ്രദേശത്തെ വൈദ്യുതി ബന്ധം മണിക്കൂറുകളോളം നഷ്ടപ്പെട്ടു.കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു


