ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലാണെന്നു പറഞ്ഞ് ആരും വിളിക്കാറില്ല;13 വർഷമായി ഹോസ്റ്റലിൽ;ദിലീപ് കണ്ടെത്തി വീടുവെച്ചുതന്നു :ശാന്തകുമാരി

ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞു കിടപ്പിലാണെന്നു പറഞ്ഞ് ആരും വിളിക്കാറില്ലെന്നു വെളിപ്പെടുത്തി ശാന്തകുമാരി. പ്രൊഡക്ഷൻ കൺ‌ട്രോളർമാർ എത്തിച്ചു നൽകിയ ഭക്ഷണം കഴിച്ചാണ് 13 വർഷം കഴിഞ്ഞതെന്നും ശാന്തകുമാരി പറഞ്ഞു.

“എനിക്ക് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞെന്നു പറഞ്ഞു പ്രചരിപ്പിച്ചിരിക്കുകയാണ്. അതുകൊണ്ട്, എന്നെ ഇപ്പോൾ ആരും വിളിക്കാറില്ല. എനിക്കറിയില്ലായിരുന്നു. അഞ്ചു വർഷമാണ് ഞാൻ വീട്ടിലിരുന്നത്. ഒറ്റ ആളും വിളിക്കാറില്ല. ഒരു വരുമാനവുമില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പല പ്രൊഡക്‌ഷൻ കൺട്രോളർമാരും ആഹാരം കൊണ്ടുവന്നു തരും.13 വർഷം ഞാൻ ഹോസ്റ്റലിൽ ആയിരുന്നു. ഈ 13 വർഷവും ഓരോരുത്തരായി എനിക്ക് ആഹാരം എത്തിച്ചു തന്നു. ഞാൻ എറണാകുളത്തു തന്നെ ഉണ്ടായിരുന്നു. ദിലീപ് എന്നെ കണ്ടെത്തി. അങ്ങനെയാണ് എനിക്ക് വീടുണ്ടാകുന്നത്. ഇപ്പോൾ കുഴപ്പമൊന്നുമില്ല,” ശാന്തകുമാരിയുടെ വാക്കുകൾ.

തന്നെക്കുറിച്ചും പല തെറ്റായ വാർത്തകളും പ്രചരിച്ചിട്ടുണ്ടെന്ന് പൗളി വൽസനും തുറന്നു പറഞ്ഞു. പൗളി വൽസന്റെ വാക്കുകൾ ഇങ്ങനെ: “ഡാകിനി സിനിമ ചെയ്തപ്പോൾ ബൈക്കിന്റെ സൈലൻസറിൽ കൊണ്ട് കാലു പൊള്ളി.

രണ്ടു മാസമെടുക്കും അത് ഉണങ്ങാൻ എന്ന് ഡോക്ടർ പറഞ്ഞിരുന്നു. അതിനിടയ്ക്കാണ് എനിക്ക് അവാർഡ് കിട്ടുന്നത്. ട്രെയിനിൽ കാലു നീട്ടി വച്ചാണ് അവാർഡ് വാങ്ങാൻ പോയത്. അതു വാങ്ങി തിരികെ വന്ന് വീണ്ടും ആശുപത്രിയിൽ അഡ്മിറ്റ് ആയി. അതിനുശേഷം എന്നെ ആരും പടത്തിന് വിളിക്കുന്നില്ല. അങ്ങനെ ഇരിക്കുമ്പോൾ ഏതോ സിനിമയുടെ പരിപാടി ലുലു മാളിൽ നടക്കുന്നുണ്ടെന്ന് അറിഞ്ഞു.

ഞാൻ മകനെയും കൂട്ടി അങ്ങോട്ടു പോയി. ഒരുപാട് പ്രൊഡക്ഷൻ കൺട്രോളന്മാർ ഉണ്ടായിരുന്നു അവിടെ. ആ പരിപാടിയുടെ ഭാഗമായി സ്റ്റേജിൽ കയറി ഞാൻ പറഞ്ഞു, എന്റെ കൂടപ്പിറപ്പുകളെ, എനിക്ക് യാതൊരു അസുഖവുമില്ല. ഒരു കാലു പൊള്ളി. അതിപ്പോൾ പൊറുത്തിട്ടുണ്ട്. ദേ പൗളി ചേച്ചി അവിടെ കിടപ്പായെന്നും പറഞ്ഞ് എന്നെ സിനിമയ്ക്ക് വിളിക്കാതിരിക്കല്ലേ, എന്ന്. അങ്ങനെ ഞാൻ തന്നെ തിരുത്തി.”

ഒരുപാട് അമ്മവേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും കുറച്ചു കാലങ്ങളായി വർക്ക് കുറവാണെന്നും പൗളി വൽസൻ പറഞ്ഞു. “ഇപ്പോൾ വർക്ക് കുറവാണ്. ആർക്കും അമ്മമാരെ വേണ്ട. ഇതെന്താ ടെസ്റ്റ് ട്യൂബ് ശിശുക്കളാണോ?മൂന്നു മാസമായി ഒരു സിനിമ പോലും ചെയ്തിട്ടില്ല. ആർക്കും വേണ്ട നമ്മളെ! പണ്ട് അമ്മമാർക്കു വേണ്ടിയാണ് പല പടങ്ങളും എഴുതപ്പെട്ടത്.

ഇന്ന് അമ്മമാർ ഇല്ല. ‘അപ്പൻ’ എന്ന സിനിമയിലെ റോൾ ഭയങ്കരമാണെന്നൊക്കെ അഭിപ്രായം വന്നെങ്കിലും സിനിമകൾ അതുപോലെ കിട്ടുന്നില്ല. ചെറിയ റോളുകളൊക്കെയാണ് കിട്ടുന്നത്. നല്ലൊരു വേഷം ചെയ്യാൻ പറ്റിയിട്ടില്ല. നാടകത്തിൽ ഒരുപാട് നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നിട്ട്, സിനിമയിൽ വന്നിട്ട് ഇരക്കേണ്ട അവസ്ഥയാണ്. ഞാൻ എന്നാലും ആരേയും അങ്ങനെ വിളിക്കാറില്ല.

നമുക്ക് വേഷമുണ്ടെങ്കിൽ അവർ നമ്മളെ വിളിക്കുമല്ലോ. വേഷമില്ലാതെ വിളിക്കാൻ പറ്റില്ലല്ലോ. എല്ലാ സിനിമയിലും വേഷം ഉണ്ടാകണമെന്നില്ലല്ലോ. കഥാപാത്രങ്ങൾ ഉണ്ടാകട്ടെ. പിന്നെ, നൂറു കോടി കിടക്കുന്നണ്ടല്ലോ. ധൈര്യമായി പറഞ്ഞു നിൽക്കാമല്ലോ!”

സമാനമായ അനുഭവമാണ് ഓമന ഔസേപ്പും പങ്കുവച്ചത്. “സിനിമ വളരെ കുറവാണ്. ആദ്യം ഒത്തിരി സിനിമകൾ ചെയ്തിട്ടുണ്ട്. ഇപ്പോൾ സങ്കടമാണ് ശരിക്കും. ഇപ്പോഴത്തെ പടങ്ങളിൽ അമ്മയും അച്ഛനുമൊന്നുമില്ലല്ലോ. നായകനും നായികയും കുറച്ചു ഫ്രണ്ട്സുമായാൽ സിനിമയായി. അതുകൊണ്ട് അച്ഛനും അമ്മയ്ക്കൊന്നും വർക്കില്ല,” ഓമന പറഞ്ഞു.

Hot Topics

Related Articles