നോര്‍ക്ക റൂട്ട്സിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും
ആഭിമുഖ്യത്തിൽ അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി
സംഘടിപ്പിക്കുന്ന പ്രവാസി ലോണ്‍ മേളയ്ക്ക് ഡിസംബര്‍ 19 ന് തുടക്കമാകും.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ തുടങ്ങിയ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് നോര്‍ക്ക റൂട്ട്സ് എന്‍.ഡി.പി.ആര്.ഇ.എം പദ്ധതിയുടെ ഭാഗമായി ലോണ്‍ മേള സംഘടിപ്പിക്കുന്നത്. സിസംബർ 21 വരെയാണ് മേള.
മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.ബി.എ മലപ്പുറം റീജിയണല്‍ ഓഫീസില്‍ മലപ്പുറം എം എല്‍ എ പി. ഉബൈദുളള നിര്‍വഹിക്കും. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി. ശ്രീരാമകൃഷ്ണന് അധ്യക്ഷത വഹിക്കും. മലപ്പുറം മുന്‍സിപ്പല്‍ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്മാന് സക്കീര്‍ ഹുസൈന് ആശംസയും അർപ്പിക്കും. എന്‍.ഡി.പി.ആര്.ഇ എം പദ്ധതിയെ സംബന്ധിച്ച് നോര്‍ക്ക റൂട്ട്സ് കേഴിക്കോട് സെന്റര്‍ മാനേജര്‍ അബ്ദുള്‍ നാസര്‍ വാക്കയില്‍ ചടങ്ങില്‍ വിശദീകരിക്കും.
എസ്.ബി.ഐ മലപ്പുറം റീജിയണല്‍ മാനേജര്‍ എസ് മിനിമോള്‍, ചീഫ് മാനേജര്‍ അന്നമ്മ സെബാസ്റ്റ്യന്‍, നോര്‍ക്കാ റൂട്ട്സ് പ്രതിനിധികള്‍ എന്നിവരും സംബന്ധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. മലപ്പുറത്ത് എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, മറ്റ് ജില്ലകളിലെ എസ്.ബി.ഐ മെയില്‍ ബ്രാഞ്ചുകളിലും, തൃശ്ശൂര്‍ ജില്ലയില്‍ എസ്.ബി.ഐ SMECC, കരുണാകരന് നമ്പ്യാര്‍ റോഡ് ബ്രാഞ്ചിലുമാണ് വായ്പാ മേള നടക്കുക.
നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.org വഴി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമേ ലോണ്‍ മേളയില്‍ പങ്കെടുക്കാന്‍ കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പാ മേള. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സ്വയം തൊഴിലോ, ബിസ്സിനസ്സ് സംരംഭങ്ങളോ തുടങ്ങുന്നതിനും, നിലവിലുളളവ വിപുലപ്പെടുത്തുന്നതിനും സഹായകരമാകുന്നതാണ് നോര്‍ക്ക റൂട്ട്സ് എന്‍.ഡി.പി.ആര്.ഇ.എം പദ്ധതി. NDPREM പദ്ധതി സംസ്ഥാനത്തെ 18 ബാങ്കിങ്ങ്, ധനകാര്യസ്ഥാപനങ്ങളുടെ 6000 ത്തോളം ശാഖകള്‍ വഴി ലഭ്യമാണ്. വിശദവിവരങ്ങള്‍ നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റില്‍ ലഭ്യമാണ്.