കോട്ടയത്ത് വോട്ട് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വോട്ടില്ല :  ജില്ലയില്‍ തപാല്‍ വോട്ട് ചെയ്യാനാവാതെ മടങ്ങിയത് നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ : പ്രതിഷേധം ശക്തം 

കോട്ടയം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടുകള്‍ ക്രമീകരിക്കുന്നതില്‍ ജില്ലയില്‍ വ്യാപക ക്രമക്കേട്. തപാല്‍ വോട്ടിനായി അപേക്ഷിച്ച് വോട്ട് ചെയ്യാന്‍ എത്തിയ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് പട്ടികയില്‍ പേരില്ലാത്തത് മൂലം വോട്ട് ചെയ്യാനാകാതെ മടങ്ങിയത്. ജില്ലയില്‍ ബസേലിയസ്, സിഎംഎസ് കോളേജുകളില്‍ മാത്രമാണ് തപാല്‍ വോട്ടിനായ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മറ്റ് നിയമസഭ മണ്ഡലങ്ങളില്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കാത്തത് മൂലം ജില്ലയുടെ വിവിധ പ്രദേശങ്ങളിലുള്ള പോലീസ് ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാനായി കോട്ടയത്തെ സെന്ററുകളിലേക്ക് എത്തിയത്. 

എന്നാല്‍ പട്ടികയില്‍ പേരില്ലാത്തത് മൂലം ഇവര്‍ വോട്ട് ചെയ്യാനാവാതെ മടങ്ങുകയായിരുന്നു. പോലീസ് സേനയ്ക്ക്  സംഭവിച്ച ഇതേ ദുരവസ്ഥ വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഉണ്ടായി. നിരവധി ഉദ്യോഗസ്ഥരാണ് തപാല്‍ വോട്ടിലെ ക്രമീകരണങ്ങളിലുണ്ടായ പോരായ്മ കാരണം വോട്ട് ചെയ്യാനാവാതെ മടങ്ങിയത്. മറ്റ് ജില്ലകളില്‍ ഓരോ നിയമസഭ മണ്ഡലങ്ങളിലും ഫെലിസിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുമ്പോളാണ് കോട്ടയം ജില്ലയില്‍ ഇത്തരത്തില്‍ വ്യാപക ക്രമക്കേടുണ്ടായത്. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലുണ്ടായ പോരായ്മയില്‍ ജില്ലയില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Hot Topics

Related Articles