ഭുവനേശ്വർ: ഒഡീഷയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ രണ്ട് മരണം. പത്ത് പേർക്ക് പരിക്കേല്‍ക്കുകയും 100ലധികം വീടുകള്‍ തകരുകയും ചെയ്തെന്നാണ് റിപ്പോർട്ട്. മയൂർഭഞ്ച് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. കരൻജിയയിലെ കിയ ഗ്രാമമാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ നേരിട്ടത്. ശക്തമായ കാറ്റ് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പറന്നുപോയി. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റില്‍ നിരവധി വലിയ മരങ്ങളും വൈദ്യുത തൂണുകളും കടപുഴകി വീണു. ഇതോടെ പലയിടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ചില ഭാഗങ്ങളില്‍ ഗതാഗത തടസവുമുണ്ടായി. ശക്തമായി വീശിയടിച്ച കാറ്റ് റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന വാഹനങ്ങളെയും ബാധിച്ചതായാണ് വിവരം. കാറ്റിന്റെ ശക്തിയില്‍ ഒരു ഓട്ടോറിക്ഷ റോഡില്‍ നിന്ന് തെന്നിമാറി അടുത്തുള്ള കുളത്തിലേക്ക് വീണതായും റിപ്പോർട്ടുണ്ട്. നാശനഷ്ടത്തിന്റെ വ്യാപ്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിലയിരുത്തിവരികയാണ്.

