തിരുവനന്തപുരം:ഓണക്കാലത്ത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിൽപ്പന നേട്ടം കൈവരിച്ച സപ്ലൈകോ, ഉപഭോക്താക്കളെ സമ്മാന നറുക്കെടുപ്പിലൂടെ സന്തോഷിപ്പിച്ചു. സംസ്ഥാനതല സമ്മാന ജേതാക്കളെയും ജില്ലാതല വിജയികളെയും തിരഞ്ഞെടുത്ത നറുക്കെടുപ്പ് ചടങ്ങ് സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഡോ. അശ്വതി ശ്രീനിവാസ് നിർവഹിച്ചു.
സംസ്ഥാനതല വിജയികൾ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മൂന്നാറിലെ തോട്ടം തൊഴിലാളിയായ മുനിയമ്മയാണ് സംസ്ഥാനതല ഒന്നാം സമ്മാന ജേതാവ്. ഒരു പവൻ സ്വർണനാണയം ആണ് സമ്മാനം. രണ്ടാമത്തെ സമ്മാനമായ ലാപ്ടോപ്പ് തൃശ്ശൂർ സ്വദേശി എ. കെ. രത്നത്തിനും വടകരയിലെ സി. വി. ആദിദേവിനുമാണ് ലഭിച്ചത്. മൂന്നാം സമ്മാനമായ സ്മാർട്ട് ടിവി തലശ്ശേരിയിലെ രമ്യ, തൃശ്ശൂരിലെ കണ്ണൻ, പാലക്കാട് ചെന്താമരാക്ഷൻ എന്നിവർക്ക് ലഭിച്ചു.
ജില്ലാതല വിജയികൾ
(സ്മാർട്ട് ഫോൺ)ഷൈലജ (നെടുമങ്ങാട്), ദീപ (കരുനാഗപ്പള്ളി), പ്രിയ (റാന്നി), രജനി (മാവേലിക്കര), അൻസാർ (കാഞ്ഞിരപ്പള്ളി), ജോഷി ആൻറണി (തൊടുപുഴ), ബിനിത (കൊച്ചി), സതീഷ് (തൃശ്ശൂർ), ഹരിദാസൻ (പാലക്കാട്), പ്രശാന്ത് (പൊന്നാനി), സൗമിനി (വടകര), രാജലക്ഷ്മി (കൽപ്പറ്റ), ശ്രീജൻ (കണ്ണൂർ), ബിജേഷ് (കാഞ്ഞങ്ങാട്) എന്നിവർ ജില്ലാതല സമ്മാന ജേതാക്കളായി.
ചരിത്രം സൃഷ്ടിച്ച ഓണം വിൽപ്പന
ഈ വർഷത്തെ ഓണച്ചന്തകളിലൂടെ സപ്ലൈകോ 375 കോടി രൂപയുടെ റെക്കോർഡ് വിൽപ്പന കൈവരിച്ചു. ഇതിൽ 175 കോടി രൂപയുടെ വിൽപ്പന സബ്‌സിഡി സാധനങ്ങളിലൂടെയാണ്. ഉത്രാട ദിനത്തിൽ മാത്രം 55.21 ലക്ഷം ഉപഭോക്താക്കളാണ് സ്റ്റോറുകളിൽ എത്തിയതെന്ന് അധികൃതർ അറിയിച്ചു.ഓഗസ്റ്റ് 27ന് പ്രതിദിന വിൽപ്പന 15.7 കോടിയായി ഉയർന്നപ്പോൾ, 29ന് 17.91 കോടി, 30ന് 19.4 കോടി, സെപ്റ്റംബർ 1ന് 22.2 കോടി, 2ന് 24.99 കോടി, 3ന് 24.22 കോടിയായി. അരിയുടെയും വെളിച്ചെണ്ണയുടെയും ലഭ്യത ഉറപ്പാക്കിയതിലൂടെ വിലക്കയറ്റം തടയാൻ സപ്ലൈകോയ്ക്ക് കഴിഞ്ഞു.സെപ്റ്റംബർ 3 വരെ 1.19 ലക്ഷം ക്വിൻറൽ അരി (37.03 കോടി രൂപ), 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ (68.96 കോടി രൂപ), 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ (4.95 കോടി രൂപ) എന്നിവ വിറ്റഴിഞ്ഞു.