കൊച്ചിയിൽ ഓണംമേളക്കാലം… ഓണം മേളകൾ ഒരുക്കി സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും

കൊച്ചി: ഓണത്തിന് നാല് ദിവസം മാത്രം അവശേഷിക്കെ നാടെങ്ങും ഓണം മേളകളാണ്. സർക്കാർ സംവിധാനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളുമെല്ലാം ഓണംമേളകൾ ഒരുക്കിയിരിക്കുന്നു. സപ്ലൈകോ ജില്ലാ ഓണം ഫെയർ, ഖാദി-ഹാൻഡെക്സ് മേളകൾ, എറണാകുളം കരയോഗം ഓണംമേള, കൃഷി- വ്യവസായ വകുപ്പ് ഓണംമേളകൾ… പട്ടിക നീളും.

Advertisements

ഖാദിമേള
കലൂർ ഖാദി ടവർ ഷോറൂമിലെ ഓണം ഖാദി മേളയിൽ ഇതുവരെ രണ്ട് കോടി രൂപയിലധികമാണ് വിറ്റുവരവ്. കഴിഞ്ഞ വർഷങ്ങളേക്കാൾ ഇരട്ടിയാണിത്. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള ഉത്പന്നങ്ങളുമുണ്ട്. സെപ്തംബർ ഏഴ് വരെ 30ശതമാനം റിബേറ്റ് ലഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സിൽക്ക് സാരികൾക്കാണ് ആവശ്യക്കാരേറെ. കോപ്പർ ഡിസൈനിലെ ടി.എൻ.ആറെന്ന പുതിയ സിൽക്ക് സാരിക്ക് വൻ സ്വീകാര്യതയാണ്.

പാലക്കാട് ശ്രീകൃഷ്ണപുരം പട്ടു സാരികളാണ് വിൽപ്പനയിൽ രണ്ടാമത്. 3,000 മുതൽ 15,000വരെ വില. റിബേറ്റ് നിരക്കിൽ മിതമായ വിലയ്ക്ക് സാരി വാങ്ങാം.

പുരുഷൻമാർക്ക് 5,000ലേറെ ഷർട്ടുകളും മേളയിലുണ്ട്. മുണ്ടുകൾ, പുതപ്പ്, ബെഡ് ഷീറ്റ്, കരകൗശല വസ്തുക്കൾ, സെറ്റ് മുണ്ട്, റെഡിമെയ്ഡ് വസ്ത്രങ്ങൾ തുടങ്ങിയവയും വിൽപ്പനയ്ക്ക് നിരത്തിയിരിക്കുന്നു. സ്വർണ സമ്മാന പദ്ധതിയുമുണ്ട്.

ഹാൻടെക്സ് മേള
പാർക്ക് അവന്യൂ റോഡിലെ ഹാൻടെക്സ് ഷോറൂമിലെ ഓണമേളയിൽ വൻ തിരക്കാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കുമായി ട്രെൻഡിനൊപ്പമുള്ള വസ്ത്രങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.

കുട്ടികൾക്കായി പ്രത്യേകം തയാറാക്കിയ ഷർട്ടുകളും മുണ്ടുകളുമുണ്ട്. തിരുവനന്തപുരത്ത് നെയ്തവയാണേറെയും. ചേന്ദമംഗലം കൈത്തറി വസ്ത്രങ്ങളും സവിശേഷമാണ്.

സപ്ലൈകോ ഓണം ഫെയർ
മറൈൻ ഡ്രൈവിലെ സപ്ലൈകോ ജില്ലാ ഓണം ഫെയറിലും തിരക്കുണ്ട്. റേഷൻകാർഡുമായെത്തുന്നവർക്ക് വൻവിലക്കുറവിൽ സാധനങ്ങൾ വാങ്ങാം.

എറണാകുളം കരയോഗം ഓണംമേള
എറണാകുളം കരയോഗം ടി.ഡി.എം ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന ഓണംമേളയിലെ പായസ മേളയിലാണ് തിരക്കേറെയും. പാലട, ഗോതമ്പ്, പരിപ്പ്, പ്രഥമൻ പായസങ്ങളാണ് വിൽപ്പനയ്ക്കുള്ളത്. പലവ്യഞ്ജനങ്ങൾ, കൊണ്ടാട്ടങ്ങൾ, പൊടികൾ, ഉപ്പേരികൾ എന്നിവയുമുണ്ട്. എല്ലാം 100ഗ്രാം മുതൽ ലഭ്യമാണ്. ദിവസവും രാവിലെ 10.30മുതൽ 7വരെയാണ് മേള.

നേരത്തെ ബുക്ക് ചെയ്യുന്നവർക്കായി തിരുവോണം പ്രഥമനുകളുമുണ്ട്. 19വിഭവങ്ങളും ഒന്നിലേറെ പായസങ്ങളുമടങ്ങിയ നാല് പേർക്കുള്ള ഓണസദ്യ കിറ്റിന് 1,400രൂപയാണ്.

വ്യവസായ വകുപ്പ് ഓണംമേള

വ്യവസായ,? വാണിജ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൈത്തറി, ചെറുകിട വ്യവസായ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വില്പനയും 27മുതൽ എറണാകുളം ശിവക്ഷേത്ര മൈതാനിയിൽ നടക്കുന്നുണ്ട്. ഇവിടത്തെ സ്റ്റാളുകളിലും വലിയ തിരക്കാണ്.

കൃഷി വകുപ്പ് ഓണംമേള
കാർഷിക വികസന- കർഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ കിഴക്കമ്പലം കൃഷിഭവനിൽ ഇന്ന് മുതൽ 7വരെ ഓണച്ചന്ത നടത്തും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നാടൻ കാർഷിക ഉത്പന്നങ്ങൾ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭിക്കും.

സപ്ലൈകോ താലൂക്ക് ഫെയറുകൾക്ക് ഇന്നലെ തുടക്കമായി. സ്വകാര്യ വസ്ത്ര- ഗൃഹോപകരണ വ്യാപാരികളും ഓണം മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഓണംമേള മികച്ച രീതിയിലാണ് പുരോഗമിക്കുന്നത്
കെ.എസ്. സ്വപ്ന
റീജിയണൽ മാനേജർ
ഹാൻടെക്സ്

വരുംദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് പ്രതീക്ഷ. പ്രത്യേക കിറ്റും ഒരുക്കിയിട്ടുണ്ട്.
സി. രാഗിണി
അസി. താലൂക്ക് സപ്ലൈ ഓഫീസർ

Hot Topics

Related Articles