കായംകുളം : ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഭാര്യ അറിയാതെ ഒന്നേകാല്‍ കോടിയോളം രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. ഭര്‍ത്താവായ കോഴിക്കോട് കോടഞ്ചേരി വേളംകോട് പി.ഒ യില്‍ കാക്കനാട്ട് ഹൗസില്‍ സിജു കെ. ജോസ് (52). കാമുകി കായംകുളം ഗോവിന്ദമുട്ടം ഭാസുര ഭവനം വീട്ടില്‍ പ്രിയങ്ക (30) എന്നിവരെയാണ് കായംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
അമേരിക്കയില്‍ നഴ്‌സായ ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും, ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടില്‍ നിന്നും ഒരു കോടി ഇരുപത് ലക്ഷത്തി നാല്പത്തിയയ്യായിരം രൂപ വില വരുന്ന 137938 ഡോളര്‍ സിജു കെ. ജോസ് കാമുകി പ്രിയങ്കയുടെ കായംകുളം എച്ച്. ഡി.എഫ്.സി. ബാങ്കിലുള്ള അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ സംഭവം അറിഞ്ഞ തൃശൂര്‍ സ്വദേശിയായ ഭാര്യ കായംകുളം പൊലിസില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന ഇവര്‍ ഒളിവില്‍ പോയിരിക്കുകയും ചെയ്തു. ഇരുവര്‍ക്കുമെതിരെ പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതികള്‍ നേപ്പാളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം ഡല്‍ഹി എയര്‍ പോര്‍ട്ടിലെത്തിയപ്പോള്‍ ആണ് പിടിയിലായത് .
ഡല്‍ഹി എയര്‍ പോര്‍ട്ടിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു കായംകുളം പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജെ. ജയ്‌ദേവ് ഐ .പി . എസിന്റെ നേതൃത്വത്തില്‍ കായംകുളം ഡി.വൈ.എസ്.പി അലക്‌സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐ. നിയാസ്, പൊലീസുകാരായ ബിനു മോന്‍ , അരുണ്‍ , അതുല്യ മോള്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.