പുതുപ്പള്ളി : പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞുഞ്ഞ്, കേരളക്കരയുടെ ജനകീയ നേതാവ് ഇനി അന്ത്യവിശ്രമം കൊള്ളുക താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന പുതുപ്പള്ളി വലിയ പള്ളി അങ്കണത്തിൽ. ഏത് വലിയ തിരക്കുകൾക്കിടയിലും ഓടിയെത്തുവാൻ സമയം കണ്ടെത്തിയിരുന്ന പ്രിയപ്പെട്ട ഇടത്തെ പ്രത്യേക പരിഗണനയിലാണ് പള്ളിയുടെ മാനേജിങ് കമ്മറ്റി കണ്ടത്.
അവർ ഉമ്മൻ ചാണ്ടിക്കായി പുതുപ്പള്ളി സെന്റ് ജോർജ് ഓർഡോക്സ് വലിയ പള്ളിയിൽ പ്രത്യേക കല്ലറ ഒരുക്കുവാൻ തീരുമാനിക്കുകയായിരുന്നു. വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേകമായി ഒരുക്കുന്ന കല്ലറയുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്. കരോട്ട് വള്ളകാലിൽ കുടുംബ കല്ലറ നിലനിൽക്കെയാണ് ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ ഒരുങ്ങുന്നത്. പുതുപ്പള്ളി എന്ന നാടിനും പള്ളിക്കും നൽകിയ സേവനത്തിന് ആദര സൂചകമായാണ് വൈദികരുടെ കബറിടത്തോട് ചേർന്ന് പ്രത്യേക കല്ലറ പണിയാൻ പള്ളി മാനേജിങ് കമ്മിറ്റി തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയിലെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രിയ നേതാവിനെ അവസാനമായി കാണുവാൻ എത്തുന്നവർക്ക് പള്ളി മുറ്റത്തും പ്രത്യേകം തയ്യാറാക്കിയ ക്രമീകരണങ്ങൾ ഉണ്ടാകും. ഇതടക്കമുള്ള പ്രവർത്തനങ്ങളാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയത്. നാളെ രാവിലെയോടെ കല്ലറയുടെ പണി പൂർത്തീകരിക്കാനാവുമെന്ന പ്രതീക്ഷയിലാണ് പള്ളി അധികൃതർ.