പലസ്തീൻ അനുകൂല പ്രക്ഷോഭം: കൊളമ്പിയ സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ അറസ്റ്റുചെയ്ത് നീക്കി

ന്യൂയോർക്ക് : യു.എസിലെ കൊളമ്പിയ സർവകലാശാലയില്‍ പലസ്തീൻ അനുകൂല പ്രക്ഷോഭം നടത്തിയ വിദ്യാർത്ഥികളെ ന്യൂയോർക്ക് പോലീസ് അറസ്റ്റുചെയ്ത് നീക്കി. 1968-ലെ പൗരാവകാശ പ്രക്ഷോഭത്തിന്റെയും വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭത്തിന്റെയും പ്രധാന സമരകേന്ദ്രമായിരുന്ന സർവകലാശാലയിലെ ഹാമില്‍റ്റണ്‍ ഹാളില്‍ നിലയുറപ്പിച്ച പ്രതിഷേധക്കാരെ രണ്ടാം നിലയിലെ ജനാലയില്‍കൂടി അകത്തുകയറിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ അമ്പതോളം പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്. പോലീസ് നടപടിയില്‍ ആർക്കും പരിക്കുകളില്ലെന്ന് ന്യൂയോർക്ക് പോലീസ് വ്യക്തമാക്കിയതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്തു. പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കില്‍ വിദ്യാർഥികളെ സസ്പെൻഡ് ചെയ്യുമെന്ന് സർവലാശാല അറിയിച്ചിരുന്നു.

കാംപസിനകത്ത് പ്രതിഷേധക്കാർ കെട്ടിയ 120-ഓളം കൂടാരങ്ങള്‍ നീക്കം ചെയ്യണമെന്നും നിർദേശിച്ചിരുന്നു. അതിനു വിസമ്മതിച്ചതോടെ തിങ്കഴാഴ്ചമുതല്‍ അധികൃതർ അച്ചടക്കനടപടി സ്വീകരിച്ചുതുടങ്ങിയിരുന്നു.
ഇതിനുപിന്നാലെയാണ് പ്രതിഷേധക്കാർ ഹാമില്‍റ്റണ്‍ ഹാളിലേക്ക് നീങ്ങിയത്. ചൊവ്വാഴ്ച രാത്രിയോടെ സർവകലാശാലയിലെത്തിയ ന്യൂയോർക്ക് പോലീസ് 11 മണിയോടെ കാമ്പസില്‍നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പ്രതിഷേധകരോട് ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് പ്രതിഷേധകരെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച മാത്രം നാല് കാംപസുകളില്‍നിന്നായി 275-ഓളം പ്രക്ഷോഭകരെയാണ് അറസ്റ്റുചെയ്തത്. ഏപ്രില്‍ 18 മുതല്‍ 800-ലേറെപ്പേർ അറസ്റ്റുചെയ്യപ്പെട്ടെന്നാണ് വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ബോസ്റ്റണിലെ നോർത്ത് ഈസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 100 പേരും സെന്റ് ലൂയിസിലെ വാഷിങ്ടണ്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് 80 പേരും അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്ന് 72 പേരും ഇന്ത്യാന യൂണിവേഴ്സിറ്റിയില്‍നിന്ന് 23 പേരുമാണ് ശനിയാഴ്ച അറസ്റ്റിലായത്. അമേരിക്കയിലെ ടെക്സസ്, കാലിഫോർണിയ, വിർജീനിയ, നോർത്ത് കരോലിന, ന്യൂ മെക്സിക്കോ, കണക്ടിക്കട്ട്, ഉട്ടാ എന്നിവങ്ങളിലുള്ള കാമ്ബസുകളില്‍ നിന്നായി ഏപ്രില്‍ 18 മുതല്‍ 1000 പലസ്തീൻ അനുകൂല പ്രതിഷേധകരെയെങ്കിലും അറസ്റ്റു ചെയ്തിട്ടുണ്ട്. മേയ് 17 വരെ യൂണിവേഴ്സിറ്റിയില്‍ പോലീസ് സാന്നിധ്യം ഉണ്ടാകണമെന്ന് സർവകലാശാല അധികൃതർ ആവശ്യപ്പെട്ടതായാണ് റിപ്പോട്ടുണ്ട്.

Hot Topics

Related Articles