തിരുവനന്തപുരം:ഗുരുതര ലൈംഗികാരോപണങ്ങളിൽ കുടുങ്ങിയ രാഹുൽ മാങ്കൂട്ടത്തലിനെതിരെ നിലപാട് എടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ സോഷ്യൽ മീഡിയയിൽ അസഭ്യവർഷം. മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യയിൽ പങ്കെടുത്തതിനെ ചൂണ്ടിക്കാട്ടിയും സതീശന്റെ പോസ്റ്റുകളിൽ രാഹുൽ അനുയായികളുടെ ആക്രമണം ശക്തമാണ്.രാഹുലിനെതിരെ വ്യക്തമായ നിലപാട് എടുക്കുന്നത് സ്വന്തം രാഷ്ട്രീയ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും “റീൽസിൽ കാണുന്നവരല്ല യഥാർത്ഥ കോൺഗ്രസ്” എന്നും സതീശൻ ആവർത്തിച്ചു. എന്നാൽ ഇതോടെ ആക്രമണത്തിന്റെ ഭാഷ കൂടി കടുപ്പം പിടിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നേരെയുണ്ടായ പൊലീസ് മർദ്ദനദൃശ്യങ്ങൾ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം സദ്യ കഴിച്ചതും വിമർശകർ ആയുധമാക്കി.
ഇതിനിടെ, രാഹുൽ തുടക്കം മുതൽ പിന്തുണച്ചുവരുന്ന രാഹുൽ ഈശ്വർ സതീശന്റെ പ്രസ് സെക്രട്ടറിയുടെ ഫോൺ നമ്പർ സോഷ്യൽ മീഡിയയിൽ പരസ്യമാക്കി. “എല്ലാവരും വിളിച്ച് രാഹുലിന് വേണ്ടി വാദിക്കണം” എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.രാഹുലിനെ പിന്തുണക്കുന്നവരുടെ സൈബർ ആക്രമണത്തെ പാർട്ടി നേതൃത്വം ഗൗരവമായി കാണുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ ഷാഫി പറമ്പിലിന്റെ മൗനം പാർട്ടിക്കുള്ളിൽ തന്നെ ചർച്ചയായി.