പത്തനംതിട്ട കളക്ടറുടെ പേരിലും സൈബർ തട്ടിപ്പ്; വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി എ ഡി എം അടക്കമുള്ള ഉദ്യോഗസ്ഥരോട് പണം കടം ചോദിച്ചു

പത്തനംതിട്ട: പത്തനംതിട്ട കളക്ടറുടെ പേരിലും സൈബർ തട്ടിപ്പ്. വ്യാജ വാട്ട്സ് ആപ്പുണ്ടാക്കി എ ഡി എം അടക്കമുള്ള ഉദ്യോഗസ്ഥരോട് പണം കടം ചോദിച്ചാണ് തട്ടിപ്പിന് ശ്രമം നടത്തിയത്. തട്ടിപ്പ് തിരിച്ചറിഞ്ഞതിനാൽ പണം നഷ്ടപ്പെട്ടില്ല. പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണന്‍റെ ഫോട്ടോ ഡി പി വച്ച് വ്യാജ വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കി പരിചയം പുതുക്കിയ ശേഷമാണ് പണം ആവശ്യപ്പെട്ടുള്ള മെസേജ് വന്നത്. സംഭവത്തിൽ എസ്പിയെ കളക്ടർ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഫരീദാബാദിൽ നിന്നുമാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതെന്ന് കണ്ടെത്തി.

എഡിഎം അടക്കം കളക്ടറുടെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ക്ക് സന്ദേശം അയച്ചുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് ഇത്തരമൊരു തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതെന്ന് കളക്ടർ പറഞ്ഞു. ഹരിയാന സ്വദേശിയാണ് തട്ടിപ്പിന് ശ്രമിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ഇയാളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചു. നേരത്തെ പത്തനംതിട്ട എസ്പി അജിത് ഐപിഎസിനും തിരുവനന്തപുരം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഐ.എ.എസിന്റെ പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമം നടന്നിരുന്നു.

Hot Topics

Related Articles