പത്തനംതിട്ട: പത്തനംതിട്ട ടൗൺഹാളിലെ ആരോഗ്യമന്ത്രിയുടെ പരിപാടിയിൽ പ്രതിഷേധം. മന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്. ഇതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു. ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതിൽ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം എൽഡിഎഫ് പ്രതിനിധികൾ പ്രതിരോധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ യോഗം നിർത്തിവെക്കുകയായിരുന്നു.
ഹാളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂക്കിവിളിച്ചതോടെ പൊലീസെത്തി നിയന്ത്രിച്ചു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെ മന്ത്രി വിമർശനമുന്നയിച്ചു. നിലവിൽ മന്ത്രിക്കുനേരെ കൊല്ലത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടക്കുകയാണ്. വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരത്ത് കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്‍റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്‍റെ വാതിലില്‍ റീത്ത് വെച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി.
മന്ത്രിയുടെ ഔദ്യോഗിക വീടിന് വസതിക്ക് മുന്നില്‍ വന്‍ സുരക്ഷാ വീഴ്ചയാണ് പൊലീസിന് ഉണ്ടായത്. മൂന്ന് പൊലീസുകാര്‍ മാത്രമാണ് മന്ത്രിയുടെ വീടിന് മുന്നില്‍ സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്. പ്രതിഷേധം ഉണ്ടായി 15 മിനിറ്റിന് ശേഷമാണ് കൂടുതല്‍ പൊലീസുകാര്‍ എത്തുന്നത്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ കയ്യേറ്റം. കസ്റ്റഡിയിലെടുത്തവരെ കൊണ്ടുപോകാന്‍ അനുവദിക്കാതെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതാണ് കയ്യാങ്കളിയിലേക്ക് നയിച്ചത്. ഏറെ നേരത്തെ ശ്രമത്തിന് ശേഷം പ്രവര്‍ത്തകരെ പൊലീസ് പിരിച്ച് വിട്ടു.


