തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ബി.സന്ദീപ് കുമാറിനെ വധിക്കാനുള്ള കാരണം വ്യക്തിവൈരാഗ്യമാണെന്നും ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലെന്നും പ്രതികള്‍. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ ശേഷം തിരികെ കൊണ്ടുപോകാനായി പൊലീസ് വാഹനത്തില്‍ കയറ്റുന്നതിനിടെ പ്രതികളായ ജിഷ്ണു രഘു, പ്രമോദ് പ്രസന്നന്‍, നന്ദു അജിത്, മുഹമ്മദ് ഫൈസല്‍, വിഷ്ണുകുമാര്‍ എന്നിവര്‍ മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.
സന്ദീപുമായി പ്രശ്‌നങ്ങള്‍ തുടങ്ങിയത് പെരിങ്ങര ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന കാലയളവിലാണെന്നും വയല്‍ നികത്തുന്നതിന് സന്ദീപ് തടസ്സം നിന്നത് വൈരാഗ്യം മൂര്‍ച്ഛിക്കാന്‍ കാരണമായെന്നും ഒന്നാം പ്രതി ജിഷ്ണു മാധ്യമങ്ങളോട് പറഞ്ഞു. അന്ന് യുവമോര്‍ച്ച പ്രവര്‍ത്തകനായിരുന്നു ജിഷ്ണു. താല്ക്കാലിക ജോലിയില്‍ നിന്നും തന്റെ അമ്മയെ ഒഴിവാക്കാനും തന്നെ കേസുകളില്‍ കുടുക്കാന്‍ സന്ദീപ് ശ്രമിച്ചുവെന്നും ജിഷ്ണു ആരോപിക്കുന്നു. നേരില്‍ക്കണ്ട പല സാഹചര്യത്തിലും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നതായും മൊഴിയിലുണ്ട്. ഒരു വര്‍ഷം മുന്‍പ് ബിജെപി വിട്ടതാണെന്നും ജിഷ്ണു പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിഷ്ണു ഒളിവില്‍ കഴിഞ്ഞിരുന്ന കരുവാറ്റ പാലപ്പറമ്പ് കോളനിയിലെ വീട്ടിലെത്തിച്ചതു കനത്ത സുരക്ഷയിലാണ്. പ്രതിയെ കൊണ്ടുവരുന്നതിനു മുന്നോടിയായി കോളനിയിലേക്കുള്ള വഴി പൊലീസ് നിയന്ത്രണത്തിലാക്കിയിരുന്നു. ആരെയും കോളനിയിലേക്കു കടത്തിവിട്ടില്ല. ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടിലെത്തിച്ച ശേഷം പ്രതിയുടെ വിലങ്ങഴിച്ചു. കിടന്ന സ്ഥലവും കൊലപാതകത്തിനു ശേഷം കടന്ന ബൈക്ക് സൂക്ഷിച്ച സ്ഥലവും പ്രതി പൊലീസിനു കാണിച്ചുകൊടുത്തു. റിമാന്‍ഡിലായിരുന്ന പ്രതികളെ 8 ദിവസത്തേക്കാണ് തിരുവല്ല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് രേഷ്മ ശശിധരന്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
പ്രതികളെ പുളിക്കീഴ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് ജിഷ്ണുവിനെ കൊലപാതകശേഷം ഒളിവില്‍ താമസിച്ച ആലപ്പുഴ കരുവാറ്റയിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പു നടത്തി.കൊലപാതകം നടന്ന ചാത്തങ്കരിയിലും സംഭവത്തിനു മുന്‍പ് പ്രതികള്‍ ഒത്തുചേര്‍ന്ന തിരുവല്ല കുറ്റപ്പുഴയിലെ ലോഡ്ജിലും തെളിവെടുപ്പിനു കൊണ്ടുപോകും. ആലപ്പുഴ ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതികളെ ഇന്നലെ 12 മണിയോടെ പുളിക്കീഴ് ഇന്‍സ്‌പെക്ടര്‍ ഇ.ഡി.ബിജുവിന്റെ നേതൃത്വത്തിലാണ് കോടതിയിലെത്തിച്ചത്. പ്രതികള്‍ക്കുവേണ്ടി ആരും വക്കാലത്ത് നല്‍കിയിട്ടില്ല.