കീവ്: ലോകം മുഴുവൻ യുദ്ധം ഒഴിവാക്കാനുള്ള വ്യഗ്രതയിലാണ്. ലോകം മറ്റൊരു യുദ്ധത്തിന് സാക്ഷ്യം വഹിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. യുക്രൈനെ ഏത് നിമിഷവും ആക്രമിക്കാൻ സജ്ജമായി റഷ്യൻ സൈന്യം അതിർത്തികളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന രണ്ട് പ്രവിശ്യകളിലേയ്ക്ക് റഷ്യ സൈനിക വിന്യാസം ആരംഭിച്ചു എന്ന റിപ്പോർട്ടാണ് ഏറ്റവും ഒടുവിൽ പുറത്തുവന്നിരിക്കുന്നത്.
2014 മുതൽ യുക്രൈനിൽ നിന്ന് വിഘടിച്ചു നിൽക്കുന്ന ഡൊണസ്‌കിലേയ്ക്ക് റഷ്യൻ സൈന്യം പ്രവേശിച്ചു കഴിഞ്ഞു. ഇവിടെ ടാങ്കുകൾ ഉൾപ്പെടെ വൻ സൈനിക വിന്യാസമാണ് റഷ്യ നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധത്തിനാണ് റഷ്യ തയ്യാറെടുക്കുന്നതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ വരാൻ പോകുന്ന യുദ്ധത്തിന്റെ പരിണിത ഫലങ്ങൾ അനുഭവിക്കാൻ പോകുന്നവരിൽ ഇന്ത്യയും ഉൾപ്പെടും. വിലക്കയറ്റത്തെയാണ് ഇന്ത്യ നേരിടാൻ പോകുന്നത്. റഷ്യ-യുക്രൈൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 96.7 ഡോളറായി വർധിച്ചിരിക്കുകയാണ്. 2014 സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ക്രൂഡ് ഓയിൽ ഏറ്റവും കൂടുതൽ ഉത്പ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് റഷ്യ. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സമീപകാലത്ത് തന്നെ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിൽ കൂടുതലാകാൻ സാധ്യതയുണ്ട്. ഇത് ആഗോളതലത്തിലെ ജിഡിപിയെ പ്രതികൂലമായി ബാധിക്കും.
എണ്ണവില ബാരലിന് 150 ഡോളറായി ഉയരുന്നത് ആഗോള ജിഡിപി വളർച്ച വെറും 0.9 ശതമാനമായി കുറയ്ക്കുമെന്ന് ജെപി മോർഗന്റെ വിശകലനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മൊത്തവില സൂചികയിൽ (ണജക) അസംസ്‌കൃത എണ്ണയുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾക്ക് 9 ശതമാനത്തിലധികം നേരിട്ടുള്ള വിഹിതമുണ്ട്.
ബ്രെന്റ് ക്രൂഡ് വിലയിലെ വർദ്ധനവ് ഇന്ത്യയുടെ പണപ്പെരുപ്പം ഏകദേശം 0.9 ശതമാനം വർദ്ധിപ്പിക്കും. റഷ്യ യുക്രൈനുമായി യുദ്ധം ചെയ്താൽ ഗാർഹിക പ്രകൃതി വാതകത്തിന്റെ (സിഎൻജി, പിഎൻജി, വൈദ്യുതി) വില പതിന്മടങ്ങ് വർദ്ധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റഷ്യ യുക്രൈനെ ആക്രമിച്ചാൽ ഉണ്ടാകുന്ന പരിണിത ഫലങ്ങളുടെ ഭാഗമായി അസംസ്‌കൃത എണ്ണവില ഉയരുന്നത് പാചക വാതകത്തിന്റെയും മണ്ണെണ്ണയുടെയും സബ്‌സിഡി വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.
മുൻകാലങ്ങളിൽ ക്രൂഡ് ഓയിൽ വില ഉയർന്നതാണ് ഇന്ത്യയിലുടനീളം പെട്രോൾ, ഡീസൽ വില വർധിക്കാൻ കാരണമായത്. 2021ൽ ഇന്ധന വിലയുടെ കാര്യത്തിൽ രാജ്യം റെക്കോർഡ് വർധനവിനാണ് സാക്ഷ്യം വഹിച്ചത്. റഷ്യ-യുക്രൈൻ പ്രതിസന്ധി തുടരുകയാണെങ്കിൽ ഇന്ത്യയിൽ പെട്രോൾ-ഡീസൽ വിലയിൽ വർദ്ധനവിന് സാധ്യത കൂടുതലാണ്. ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 25 ശതമാനവും എണ്ണയാണ്. ഇന്ത്യ ആവശ്യമുള്ള എണ്ണയുടെ 80 ശതമാനത്തിലധികമാണ് ഇറക്കുമതി ചെയ്യുന്നത്. എണ്ണവില ഉയരുന്നത് കറണ്ട് അക്കൗണ്ട് കമ്മിയെ ബാധിക്കും.
കരിങ്കടൽ മേഖലയിൽ നിന്നുള്ള ധാന്യങ്ങളുടെ ഒഴുക്ക് തടസപ്പെട്ടാൽ അത് വിലയിലും ഇന്ധന വിലക്കയറ്റത്തിലും വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിദഗ്ധരുടെ ആശങ്ക. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരാണ് റഷ്യ. ഗോതമ്പ്് കയറ്റുമതി ചെയ്യുന്ന നാലാമത്തെ വലിയ രാജ്യമാണ് യുക്രൈൻ. ഗോതമ്പിന്റെ മൊത്തം ആഗോള കയറ്റുമതിയുടെ നാലിലൊന്നും ഈ രണ്ട് രാജ്യങ്ങളിൽ നിന്നാണ് നടക്കുന്നത്.
വിതരണ ശൃംഖലയിൽ കോവിഡ് മഹാമാരിയുടെ ആഘാതം കാരണം ഒരു ദശാബ്ദത്തിലേറെയായി ഭക്ഷ്യ വിലകൾ ഇതിനകം തന്നെ ഏറ്റവും ഉയർന്ന നിലയിലാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ സമീപകാല റിപ്പോർട്ട് വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിൽ ഊർജത്തിലും ഭക്ഷണ വിലയിലും ചാഞ്ചാട്ടമുണ്ടായേക്കും. തത്ഫലമായുണ്ടാകുന്ന നിക്ഷേപക വികാരം ലോകമെമ്ബാടുമുള്ള സമ്പദ് വ്യവസ്ഥകളിലെ നിക്ഷേപത്തെയും വളർച്ചയെയും പ്രതികൂലമായി ബാധിച്ചേക്കാം.
റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്ന ഭയത്തിൽ ഓട്ടോമോട്ടീവ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റങ്ങളിലും മൊബൈൽ ഫോണുകളിലും ഉപയോഗിക്കുന്ന പല്ലാഡിയത്തിന്റെ വില കഴിഞ്ഞ ആഴ്ചകളിൽ കുതിച്ചുയർന്നു. ലോകത്ത് പല്ലാഡിയം ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് റഷ്യ.