തിരുവനന്തപുരം: ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന കര്‍സാപ്പ് (കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍) വാര്‍ഷിക അവലോകന യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
കേരളത്തിലെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് അറിയാനും അതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനുമായി ഇന്ത്യയിലാദ്യമായി ആന്റി ബയോഗ്രാം (എഎംആര്‍ സര്‍വെയലന്‍സ് റിപ്പോര്‍ട്ട്) പുറത്തിറക്കിയിരുന്നു. ഇതനുസരിച്ച് പല രോഗാണുക്കളിലും ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ തോത് കൂടിവരുന്നതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാത്രമല്ല മൃഗങ്ങള്‍ക്കിടയിലും പരിസ്ഥിതി,ഫിഷറീസ്, അക്വാകള്‍ച്ചര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ നടന്ന പഠനങ്ങളിലും ആന്റിബയോട്ടിക് പ്രതിരോധം കൂടി വരുന്നതായാണ് കണ്ടു വരുന്നത്. എല്ലാ മേഖലകളിലുമുള്ള അശാസ്ത്രീയമായ ആന്റി ബയോട്ടിക്കുകളുടെ ഉപയോഗമാണ് ഇതിലേക്ക് നയിച്ചതെന്നും യോഗം വിലയിരുത്തി.
മനുഷ്യരില്‍ മാത്രമല്ല, മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയവയിലും കൂടുതലായി അശാസ്ത്രീയമായി ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല പരിസ്ഥിതിയില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളില്‍ പോലും ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കാന്‍ കഴിവുള്ളബാക്ടീരിയകളേയും ജീനുകളേയും ആന്റിബയോട്ടിക് അംശവും കണ്ടെത്തിയിട്ടുണ്ട്. ആന്റിബയോട്ടിക് പ്രതിരോധം കൂടാനുള്ള ഒരു മുഖ്യ കാരണമായി വിലയിരുത്തിയത് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഫാര്‍മസികളില്‍ നിന്നും നേരിട്ട് ആന്റിബയോട്ടിക്കുകള്‍ വാങ്ങി കഴിക്കുന്നതു കൊണ്ടാണ്. അത് കര്‍ശനമായി വിലക്കിക്കൊണ്ടുള്ള നടപടിയാണ് ആരോഗ്യ വകുപ്പ് സ്വീകരിക്കുന്നത്.
കേരളത്തില്‍ നടത്തിവരുന്ന ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് പ്രവര്‍ത്തനങ്ങള്‍ യോഗം വിശദമായി വിലയിരുത്തി. ആന്റിബയോട്ടിക് സാക്ഷരതയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മാധ്യമങ്ങളുടെ പിന്തുണയോടെ അവബോധവും ശക്തിപ്പെടുത്തും.