വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിന്‍ സഞ്ചരിച്ച വിമാനം വെടി വെച്ചിട്ടത് ! അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ : അപകടം പുടിന്റെ പ്രതികാരമോ 

മോസ്കോ : വിമത നീക്കം കൊണ്ട് റഷ്യയെ വിറപ്പിച്ച റഷ്യന്‍ കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്റെ തലവന്‍ പ്രിഗോഷിന്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അത്ഭുതമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ അറിയാതെ റഷ്യയില്‍ ഒന്നും നടക്കില്ലെന്നും ബൈഡന്‍ ആരോപിച്ചു.

വിമാനം വ്യോമസേന വെടിവച്ചിട്ടതാണെന്നു വാഗ്നര്‍ ബന്ധമുള്ള ടെലിഗ്രാം ചാനല്‍ ആരോപിച്ചിരുന്നു. ഈ ആരോപണത്തെ അമേരിക്ക പിന്‍തുണക്കുകയാണെന്നാണു ജോ ബൈഡന്റെ പ്രസ്താവന വ്യക്തമാക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മോസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ തിവീര്‍ പ്രവിശ്യയില്‍ ഇന്നലെ രാത്രിയാണ് 10 പേരുമായി പോയ വിമാനം അപകടത്തില്‍പെട്ടത്. എട്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സി അറിയിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സ്വന്തം കാര്യസാധ്യത്തിനായി വളര്‍ത്തിയെടുത്ത വാഗ്‌നര്‍ കൂലിപ്പടയുടെ തലവനാണ് ഇപ്പോള്‍ ദുരൂഹമായ വിമാനാപകടത്തില്‍ അവസാനിച്ചത്. വെറുമൊരു കള്ളനില്‍ നിന്ന് പുടിനെ വിറപ്പിക്കുന്ന കൂലിപ്പട്ടാളത്തിന്റെ മേധാവിയായി വളര്‍ന്നയാളാണ് യവ്ഗിനി പ്രിഗോഷിന്‍. അയാളുടെ ജീവിതം പോലെ മരണവും ദുരൂഹതയില്‍ മൂടി.

പുടിന്റെ നഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിലാണ് പ്രിഗോഷിനും ജനിച്ചത്. അടിപിടി, മോഷണം, ഗുണ്ടായിസം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ പതിനെട്ടാം വയസില്‍ ജയിലിലായി. ജയിലില്‍ നിന്ന് ഇറങ്ങി വീണ്ടും കവര്‍ച്ചയ്ക്കു പിടിയിലായി. ഒന്‍പതു വര്‍ഷം പിന്നെയും ശിക്ഷ അനുഭവിച്ച ശേഷം പുറത്തിറങ്ങിയ പ്രിഗോഷിന്‍ പുതിയ ആളായി മാറുകയായിരുന്നു. ബര്‍ഗര്‍ കടയില്‍ തുടങ്ങി 1990 ആയപ്പോഴേയ്ക്കും സെന്റ് പീറ്റേഴ്‌സ് ബര്‍ഗ് നഗരത്തില്‍ സ്വന്തമായി റെസ്റ്റോറന്റ് തുറന്നു. കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ തകര്‍ച്ചയുടെ കാലത്തു വ്‌ലാദിമിര്‍ പുടിനുമായി അടുത്തു. സോഷ്യലിസ്റ്റ് ഭരണ വ്യവസ്ഥ തകര്‍ന്നതോടെ കണ്ണഞ്ചിപ്പിക്കുന്ന വേഗതയിലായിരുന്നു വളര്‍ച്ച. 2000 ത്തില്‍ പുടിന്‍ റഷ്യന്‍ പ്രസിഡന്റ് ആയപ്പോഴേയ്ക്കും പ്രിഗോഷിന്‍ വലംകൈ ആയി.

പുടിനോടുള്ള വിധേയത്വത്തിന്റെ പേരില്‍ ‘പുട്ടിന്റെ അടുക്കളക്കാരന്‍’ എന്ന പരിഹാസപ്പേരും ഇദ്ദേഹത്തിനുണ്ടായിരുന്നു. ആ വിളിയെ പ്രിഗോഷിന്‍ അഭിമാനമായിക്കണ്ടു. പുടിന്‍ ക്രെംലിനിലെ സുപ്രധാന ഭക്ഷണ വിതരണ കരാറുകള്‍ എല്ലാം പ്രിഗോഷിനു നല്‍കി. രാഷ്ട്രത്തലവന്മാര്‍ക്ക് മുതല്‍ സൈനിക സ്‌കൂളുകളില്‍ വരെ പ്രിഗോഷിന്റെ ഹോട്ടല്‍ ഭക്ഷണം വിതരണം ചെയ്തു. അധികാരം നിലനിര്‍ത്താനും കാര്യസാധ്യത്തിനുമായി പ്രിഗോഷിനെ പുടിന്‍ ഒപ്പം നിര്‍ത്തി. 2014 ല്‍ യുക്രൈന്റെ ഒരു ഭാഗം പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തെ സഹായിക്കാനെന്ന പേരില്‍ പുടിന്‍ വാഗ്‌നര്‍ ഗ്രൂപ്പ് എന്ന കൂലിപ്പട്ടാളത്തെ ഒരുക്കി. അതിന്റെ സംഘാടന ചുമതലയും പ്രിഗോഷിനെ ഏല്‍പ്പിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരതകള്‍ക്കായി ആ കൂലിപ്പടയെ ഉപയോഗിച്ചു. മൂന്നു റഷ്യന്‍ മാധ്യമ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതടക്കം ആസൂത്രണം ചെയ്തത് പ്രിഗോഷിന്‍ ആയിരുന്നു. പ്രിഗോഷിനാണ് വാഗ്‌നര്‍ ഗ്രൂപ്പിനു പിന്നിലെന്ന് 2022 വരെ പുറംലോകം അറിഞ്ഞില്ല. ഈ വര്‍ഷം ആദ്യമാണ് പുട്ടിനും പ്രിഗോഷിനും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നത്. ഒടുവില്‍ അത് നേര്‍ക്കുനേര്‍ യുദ്ധമായി. കഴിഞ്ഞ ജൂണ്‍ 23 നു വ്‌ലാദിമിര്‍ പുടിനെതിരെ പ്രിഗോഷിന്റെ കൂലിപ്പട്ടാളം തുടങ്ങിവെച്ച കലാപം ബെലാറൂസ് ഇടപെട്ട് ആണ് അവസാനിപ്പിച്ചത്.

അതിനു ശേഷം പുട്ടിനും പ്രിഗോഷിനും നേരില്‍ കണ്ടതായി റഷ്യ സ്ഥിരീകരിച്ചിരുന്നു. പുടിന്‍ പ്രിഗോഷിനോട് ഇനി റഷ്യന്‍ സൈന്യത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കണം എന്നാവശ്യപ്പെട്ടിരുന്നു. വാഗ്‌നര്‍ കൂലിപ്പടയുടെ പ്രവര്‍ത്തനം ഇനി ഉണ്ടാകില്ലെന്നും പുടിന്‍ വ്യക്തമാക്കി.എന്നാല്‍ തന്റെ ഓഫര്‍ പ്രിഗോഷിന്‍ നിരസിച്ചതായി വ്‌ലാദിമിര്‍ പുടിന്‍ തന്നെ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞു. പുടിനെ നിഷേധിച്ച പ്രാഗോഷിന് ഇനി അധികം ആയുസ് ഇല്ലെന്ന് അന്നുതന്നെ ചില ലോക മാധ്യമങ്ങള്‍ പ്രവചിച്ചിരുന്നു.

Hot Topics

Related Articles