ഇലക്ഷന്‍ വെയര്‍ ഹൗസ് : ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഉദ്ഘാടനം നിര്‍വഹിച്ചു

പത്തനംതിട്ട : ജില്ലയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിക്കുന്നതിനായി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പുതിയ വെയര്‍ഹൗസ് സജ്ജമായി. വെയര്‍ഹൗസിന്റെ ഉദ്ഘാടനം കേരളത്തിന്റെ ചുമതലയുള്ള ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍വഹിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വെയര്‍ ഹൗസുകള്‍ നിര്‍മിച്ച് വരികയാണെന്നും ഇതിലൂടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും അദ്ദേഹം പറഞ്ഞു.

Advertisements

സിവില്‍ സ്റ്റേഷന്‍ പരിസരത്ത് 2,95,87,251 രൂപ മുതല്‍മുടക്കിലാണ് മൂന്ന് നില കെട്ടിടം പണിതത്. സ്റ്റെയര്‍ റൂം, മെഷിന്‍ റൂം, പോര്‍ച്ച് എന്നിവ ഉള്‍പ്പെടെ 802 ച.മീറ്റര്‍ വിസ്തൃതിയിലാണ് കെട്ടിടം. ഓരോ നിലയിലും ഇലക്ഷന്‍ സാമഗ്രികള്‍ ഭദ്രമായി സൂക്ഷിക്കുന്നതിന് റാക്കുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിനായിരുന്നു നിര്‍മാണ ചുമതല.
ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എഡിഎം ബി.രാധാകൃഷ്ണന്‍, തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മി, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജാസ്മിന്‍, കളക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗം ജീവനക്കാര്‍, വിവിധ വകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Hot Topics

Related Articles