റാന്നി : പഴവങ്ങാടി സ്വദേശി വി.എ. ഏബ്രഹാമിന് നീതി നിഷേധിക്കപ്പെട്ട സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ്. കരുതലും കൈത്താങ്ങും റാന്നി താലൂക്ക് തല അദാലത്തില്‍ വി.എ. ഏബ്രഹാമിന്റെ പരാതി പരിഗണിക്കവേയാണ് സംഭവത്തില്‍ ഉദ്യോഗസ്ഥരുടെ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടത്.
തടിമില്ല് വ്യാപാരിയായ വി. എ. ഏബ്രഹാം പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനത്തിനായി സ്ഥലം വിട്ട് നല്‍കുകയും അദ്ദേഹത്തിന്റെ കെട്ടിടം പൊളിച്ചുമാറ്റുകയും ചെയ്തിരുന്നു. പൊളിച്ച് മാറ്റിയ കെട്ടിടത്തിന് പകരം മറ്റൊരു സ്ഥലത്ത് ഏബ്രഹാം പുതിയ കെട്ടിടം നിര്‍മിച്ചു.
എന്നാല്‍, പുതുതായി നിര്‍മിച്ച കെട്ടിടത്തിന് കെട്ടിടനമ്പര്‍ നല്‍കാതെ പഞ്ചായത്ത് അധികൃതര്‍ വട്ടം ചുറ്റിക്കുകയായിരുന്നു. വ്യവസായമന്ത്രി പി.രാജീവിനെ പത്തനംതിട്ടയില്‍ നടന്ന മീറ്റ് ദ മിനിസ്റ്റര്‍ പരിപാടിയില്‍ കണ്ട് ഏബ്രഹാം തന്റെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. ഏബ്രഹാമിന്റെ പരാതി അന്ന് അനുഭാവപൂര്‍വം പരിഗണിച്ച മന്ത്രി എത്രയും വേഗത്തില്‍ കെട്ടിടനമ്പര്‍ നല്‍കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. പക്ഷെ, മന്ത്രിയുടെ നിര്‍ദേശം ഉണ്ടായിട്ടും യാതൊരു നടപടികളും സ്വീകരിക്കാതെ പഞ്ചായത്ത് അധികൃതര്‍ ഏബ്രഹാമിനെ വീണ്ടും വട്ടം കറക്കി. ഇതേ തുടര്‍ന്ന് ഏബ്രഹാം കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിലെത്തി ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സാധാരണക്കാര്‍ക്ക് നീതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ ആരോഗ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് താക്കീത് നല്‍കുകയും അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ജോയിന്റ് ഡയറക്ടറെ ചുമതലപ്പെടുത്തുകയും ചെയ്തു.