പത്തനംതിട്ട : രാത്രി വീടിനുമുന്നിലെ റോഡിൽ നിൽക്കുന്നതാരാണെന്ന് ചോദിച്ച വിരോധത്താൽ അച്ഛനെ മർദ്ദിക്കുകയും, തടസ്സം പിടിച്ച മകനെ കമ്പികൊണ്ട് തലയിലും മറ്റും അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ മൂന്നുപേരെ കോയിപ്രം പോലീസ് പിടികൂടി. അയിരൂർ തടിയൂർ കാവ്മുക്ക് മുടവൻ പൊയ്കയിൽ വീട്ടിൽ ശശിക്കും മകൻ അക്ഷയ് കുമാറിനുമാണ് ഇന്നലെ രാത്രി 9 ന് വീടിനുമുന്നിൽ വച്ച് മർദ്ദനമേറ്റത്. അയിരൂർ തടിയൂർ കാവ്മുക്ക് കളപ്പുരക്കൽ രാജേഷ് (55), കളപ്പുരക്കൽ രാഹുൽ (18), കോയിപ്രം കുറവൻകുഴി ആന്താലിമൺ സുജിത് (21) എന്നിവരാണ് അറസ്റ്റിലായത്.
റോഡിൽ നിൽക്കുന്നത് ആരെന്ന് ചോദിച്ചപ്പോഴാണ് ശശിക്ക് തലയ്ക്കും നെഞ്ചിനും മർദ്ദനമേറ്റത്. തടസ്സം പിടിച്ച അക്ഷയ് കുമാറിന് നേരേ കല്ലും ഓടും എടുത്തെറിഞ്ഞു. തുടർന്ന് കമ്പിക്കൊണ്ട് തലയിലടിച്ചു. വീണ്ടും അടിച്ചപ്പോൾ ഇടതു കൈകൊണ്ട് തടഞ്ഞു, മുട്ടിനു താഴെ മുറിവേറ്റു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളുടെ മൊഴിവാങ്ങി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ കാവുമുക്കിൽ ഒന്നാം പ്രതിയുടെ വീടിനു സമീപത്തുനിന്നും പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. സംഭവസ്ഥലത്തുനിന്നും കല്ലും ഓടിന്റെ കഷ്ണവും കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി. പോലീസ് ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐ പ്രകാശ്, എ എസ് ഐ ഷിറാസ്, സി പി ഓ മാരായ വിപിൻ രാജ്, സുജിത് എന്നിവരാണുള്ളത്.