തിരുവല്ല : കുന്നന്താനം കിൻഫ്രാ പാർക്കിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്തും ക്ലീൻ കേരള കമ്പനിയും സംയുക്തമായി നടപ്പാക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാസ്റ്റിക് പുനഃചക്രമണ ഫാക്ടറി നവംബറിൽ കമ്മീഷൻ ചെയ്യും. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിർമല ഗ്രാമം – നിർമല നഗരം – നിർമല ജില്ല പദ്ധതിയുടെഭാഗമായി അടിയന്തരമായി പദ്ധതി പൂർത്തീകരിക്കണമെന്ന ജില്ലാ പഞ്ചായത്ത് നിർദേശം പരിഗണിച്ച് കിൻഫ്ര പാർക്കിൽ ക്ലീൻ കേരളാ കമ്പനി പ്രതിനിധികൾ, ജില്ലാ പഞ്ചായത്ത് ജനപ്രതിനിധികൾ, പദ്ധതി നിർമാണം ഏറ്റെടുത്തിരിക്കുന്ന കേരള ഇലക്ട്രിക്കൽസ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി പദ്ധതി പ്രവർത്തനങ്ങൾ വിലയിരുത്തി.
തദ്ദേശസ്ഥാപനങ്ങൾ ഹരിത കർമസേന മുഖേന ശേഖരിക്കുന്ന പ്ലാസ്റ്റിക് പാഴ്വസ്തുക്കൾ പുന: ചക്രമണം ചെയ്ത് തരികളാക്കി പ്ലാസ്റ്റിക് നിർമാതാക്കൾക്ക് നൽകാനാണ് നിലവിൽ വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമിക്കുന്നതിനെക്കുറിച്ചും പഠനം നടക്കുകയാണ്. ഒരു ദിവസം അഞ്ച് ടൺ പാഴ് വസ്തുക്കൾ സംസ്കരിക്കാനാവശ്യമായ യന്ത്ര സംവിധാനങ്ങളും ഏർപ്പെടുത്തുന്നുണ്ട്. നിലവിൽ ആറുകോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. വൈവിധ്യവത്കരണത്തിന് കൂടുതൽ തുക നീക്കിവയ്ക്കാൻ ജില്ലാ പഞ്ചായത്ത് തയാറായിട്ടുമുണ്ട്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ജില്ലാ പഞ്ചായത്തംഗം സി. കെ. ലതാകുമാരി, കുന്നന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് , ക്ലീൻ കേരള കമ്പനി മാനേജിംഗ് ഡയറക്ടർ ജി. കെ. സുരേഷ് കുമാർ, പ്രോജക്ട് ഓഫീസർ ശ്രീജിത്ത്, ജില്ലാ മാനേജർ എം. ബി. ദിലീപ് കുമാർ , കെൽ എൻജിനിയർ സജിത്ത്കുമാർ , കോൺട്രാക്റ്റർ മൂസ എന്നിവർ ഒപ്പമുണ്ടായിരുന്നു.