മല്ലപ്പള്ളി: മല്ലപ്പള്ളിയിൽ വീണ്ടും തീപിടിത്തം. ഇന്നലെ
മല്ലപ്പള്ളി പാലത്തിനു സമീപമുള്ള സ്ഥലത്താണ് തീ പിടിച്ചത്. പ്രദേശവാസികൾ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും നിയന്ത്രണവിധേയമല്ലാതായതോടെ സംഭവം അറിഞ്ഞെത്തിയ കീഴ്വായ്പൂര് പോലീസ് ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തിരുവല്ലയിൽ നിന്ന് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വി എസ് സനിൽ കുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് തീ പൂർണമായും അണച്ചത്. വേനൽ കടുത്തതോടെ മല്ലപ്പള്ളി താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ തീ പടർന്നു പിടിക്കുന്നത് നിത്യസംഭവമായി.
തിങ്കളാഴ്ച മല്ലപ്പള്ളി ബൈപാസിൽ തെക്കേമണ്ണിൽ ടി.ഐ. ജോർജിന്റെ ഒന്നരയേക്കർ പുരയിടത്തിൽ തീപിടിച്ചിരുന്നു. തെങ്ങിൻ തൈകളും വാഴയും കത്തി നശിച്ചിരുന്നു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. മല്ലപ്പള്ളിയിൽ ആധുനിക സംവിധാനത്തോടെയുള്ള ഫയർ സ്റ്റേഷൻ സ്ഥാപിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാണ്.