തിരുവല്ല : പിണറായി ഭരണം പൊതു മേഖലയുടെ ചരമഗീതം എഴുതുകയാണെന്ന് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ എംപി പ്രസ്താവിച്ചു. തൊഴിലാളി വർഗ്ഗ പാർട്ടിയുടെ നേതാവ് മുഖ്യമന്ത്രിയാണെന്ന് മേനി നടിക്കുമ്പോൾ തൊഴിലാളികൾ മുഴുപ്പട്ടിണിയിലാണ്. പിണറായി വിജയൻ്റെ സ്വന്തം നാട്ടിലെ വ്യവസായ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. തൊഴിലാളികൾക്ക് ശമ്പളം ലഭിച്ചിട്ട് മാസങ്ങളായി. പ്രവർത്തനം നിന്നിരിക്കുന്ന തിരുവല്ല ട്രാക്കോ കേബിൾ കമ്പനിയിൽ ഐ.എൻ.ടി.യു.സി – എസ്.ടി. യു യൂണിയനുകളുടെ നേതൃത്വത്തിൽ കമ്പനിയിൽ നടന്ന തൊഴിലാളി ഐക്യദാർഡ്യ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുധാകരൻ.
ട്രാക്കോ കേബിൾ കമ്പനിയുടെ ഒരു യൂണിറ്റ് പിണറായിയിലും മറ്റൊരു യൂണിറ്റ് വ്യവസായ വകുപ്പ് മന്ത്രിയുടെ നാട്ടിലുമാണ്. ഇതിൽപ്പരം ഒരു അപമാനം ഈ ഭരണ കർത്താക്കൾക്ക് ഉണ്ടോയെന്ന് സുധാകരൻ ചോദിച്ചു. ട്രാക്കോ കേബിളിനെ തകർക്കുവാൻ ശ്രമിക്കുന്ന സ്വകാര്യ ലോബിക്ക് ഇടതു സർക്കാർ കുട പിടിക്കുകയാണ്. സമ്മേളനത്തിൽ ഐ.എൻ.ടി.യു.സി ജില്ലാ വൈസ് പ്രസിഡൻറ് അഡ്വ.സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എംഎൽഎ , ഡി.സി.സി പ്രസിഡൻ്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, കെ.പി.സി.സി സെക്രട്ടറി എൻ. ഷൈലാജ്, ബ്ലോക്ക് പ്രസിഡൻ്റ് ഈപ്പൻ കുര്യൻ, നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്, യൂണിയൻ സെക്രട്ടറി ജിജി മൈക്കിൾ, ഷാജഹാൻ, ആർ. ജയകുമാർ, അഭിലാഷ് വെട്ടിക്കാടൻ, സജി എം മാത്യു, രാജേഷ് മലയിൽ, നെബു കോട്ടയ്ക്കൽ, എ. ജി ജയദേവൻ, കെ. പി കൊന്താലം, പി. എം അനീർ എന്നിവർ പ്രസംഗിച്ചു.