ഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ഭാരവാഹി തിരഞ്ഞെടുപ്പ് മാറ്റി. ഇനി സെപ്തംബർ ആറിന് തിരഞ്ഞെടുപ്പ് പുനരാരംഭിക്കും. കെപിസിസി അധ്യക്ഷൻ കെ സുധാകരനും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവും തിരഞ്ഞെടുപ്പ് മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. തീരുമാനം വൈകിയതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന് ചാണ്ടി ഉമ്മനും ആവശ്യപ്പെട്ടിരുന്നു.
യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിനുള്ള സ്റ്റേ കഴിഞ്ഞ ദിവസമാണ് കോടതി നീക്കിയത്.തിരഞ്ഞെടുപ്പ് നടത്തുന്നത് സംഘടന ചട്ടങ്ങൾക്ക് വിരുദ്ധമായാണെന്ന് കാണിച്ച് സ്ഥാനാർത്ഥി ഷഹബാസ് വടേരി നൽകിയ ഹർജിയിലായിരുന്നു യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തത്. എന്നാൽ കഴിഞ്ഞ ദിവസം ഹർജി ഷഹബാസ് വടേരി പിൻവലിച്ചതോടെയാണ് കോടതി സ്റ്റേ നീക്കിയത്. ഇതോടെ ഓൺലൈനായുള്ള തിരഞ്ഞെടുപ്പ് നടപടികളുമായി യൂത്ത് കോൺഗ്രസിന് മുന്നോട്ട് പോകാമെന്നിരിക്കെയാണ് ഹൈക്കമാൻ്റ് തിരഞ്ഞെടുപ്പ് മാറ്റിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ആരംഭിച്ചത് മുതൽ വിവിദ തലത്തിലുള്ള എതിർപ്പ് നിലനിന്നിരുന്നു. ഗ്രൂപ്പ് പോര് ശക്തമായിരിക്കെ നേരത്തേ തന്നെ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യം മുതിർന്ന നേതാക്കൾക്കുണ്ടായിരുന്നു. ഇക്കാര്യം വി ഡി സതീശനും കെ സുധാകരനുമടക്കം ഹൈക്കമാന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും നടപടിക്രമങ്ങൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റി വെക്കേണ്ടി വന്നിരുന്നു.