പൊതുജനങ്ങൾക്ക് കർശന സുരക്ഷാ നിർദ്ദേശവുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം; അതീവ ജാഗ്രതാ നിർദേശം


ദോഹ: രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും കർശന സുരക്ഷാ മുന്നറിയിപ്പുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഖത്തർ ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ളത്. സുരക്ഷാ ഭീഷണി മുൻനിർത്തി രാജ്യത്തെ ജാഗ്രതാ നില ഉയർത്തിയതായും പൊതുജനങ്ങൾ അതീവ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം അറിയിച്ചു.

Advertisements

പ്രധാന നിർദ്ദേശങ്ങൾ

വീടിനുള്ളിൽ കഴിയുക: അനാവശ്യമായ പുറത്തിറങ്ങലുകൾ ഒഴിവാക്കി ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ സുരക്ഷിതരായിരിക്കണം. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾ അതീവ ജാഗ്രത പാലിക്കുകയും കുട്ടികളെ വീടിനുള്ളിൽ തന്നെ ഇരുത്തുകയും വേണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജനാലകളിൽ നിന്ന് അകലം പാലിക്കുക: കെട്ടിടങ്ങളുടെ ജനാലകൾക്കും വാതിലുകൾക്കും സമീപമോ തുറസ്സായ സ്ഥലങ്ങളിലോ നിൽക്കരുതെന്ന് മന്ത്രാലയം പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

മൊബൈൽ അലേർട്ടുകൾ ശ്രദ്ധിക്കുക: സർക്കാരിന്റെ ഔദ്യോഗിക ‘ഏർളി വാണിംഗ് സിസ്റ്റം’ വഴി മൊബൈലിൽ ലഭിക്കുന്ന സന്ദേശങ്ങൾ കൃത്യമായി പാലിക്കുക.

അപരിചിത വസ്തുക്കളിൽ തൊടരുത്: റോഡുകളിലോ പരിസരത്തോ കാണപ്പെടുന്ന അവശിഷ്ടങ്ങളോ സംശയാസ്പദമായ വസ്തുക്കളോ സ്പർശിക്കാൻ പാടില്ല. ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ തന്നെ 999 എന്ന നമ്പറിൽ ബന്ധപ്പെടണം.

വ്യാജവാർത്തകൾ പ്രചരിപ്പിക്കരുത്: വ്യാജ വാർത്തകളോ ദൃശ്യങ്ങളോ പ്രചരിപ്പിക്കുകയോ പങ്കുവെക്കുകയോ ചെയ്യരുത്. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുക. സോഷ്യൽ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങൾ ശിക്ഷാർഹമാണ്.

അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കരുത്: അപകടസ്ഥലങ്ങളിൽ കൂട്ടംകൂടി നിൽക്കുന്നതുമൂലം അധികൃതരുടെ ജോലി തടസ്സപ്പെടുത്തുന്നതിനും അടിയന്തര രക്ഷാപ്രവർത്തനങ്ങൾ വൈകുന്നതിനും കാരണമാകും.

അപകടങ്ങളുടെയോ രക്ഷാപ്രവർത്തനങ്ങളുടെയോ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുന്നതും സോഷ്യൽ മീഡിയ വഴി പങ്കുവെക്കുന്നതും ശിക്ഷാർഹമാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവൃത്തികൾക്ക്‌ കർശന നിയമനടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തിലും മന്ത്രാലയത്തിന്റെ വിവിധ സേവന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, നേരിട്ടുള്ള സന്ദർശനം ഒഴിവാക്കി മെട്രാഷ് 2 ആപ്പ് വഴി സേവനങ്ങൾ പ്രയോജനപ്പെടുത്താൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ നിയമങ്ങൾ പാലിച്ച് അധികൃതരുമായി സഹകരിക്കണമെന്ന് ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റിയോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

Hot Topics

Related Articles