പത്തനംതിട്ട റാന്നിയിൽ നായയുടെ കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവം; അഭിരാമിയെ കടിച്ചത് വളർത്തു നായെന്നു കുടുംബം; ആശുപത്രിയ്‌ക്കെതിരെയും ആരോപണം

പത്തനംതിട്ട: തെരുവുനായയുടെ ആക്രമണത്തെത്തുടർന്ന് പരിക്കേറ്റ് വെന്റിലേറ്ററിൽ കഴിയുകയായിരുന്ന പന്ത്രണ്ടുവയസുകാരി മരിച്ച സംഭവത്തിൽ വിമർശനവുമായി കുടുംബം. റാന്നി പെരുനാട് മന്ദപ്പുഴ ചേത്തലപ്പടി ഷീനാഭവനിൽ ഹരീഷിന്റെ മകൾ അഭിരാമിയ്ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിവെയായിരുന്നു മരണം.

അഭിരാമിയെ കടിച്ചത് വളർത്തുനായയെന്നാണ് അമ്മ രജനി പറഞ്ഞു. ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഈ നായയുടെ കഴുത്തിൽ ബെൽറ്റും തുടലുമുണ്ടായിരുന്നു എന്നും രജനി ആരോപിച്ചു. മകളെ എത്തിച്ചപ്പോൾ പെരിനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു എന്നും പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് പിന്നീട് കൊണ്ടുപോയെന്നും കുടുംബം പറയുന്നത്. അവിടെയെത്തിയപ്പോൾ പരിക്കിന്റെ ഗൗരവം ഡോക്ടർ തിരിച്ചറിഞ്ഞില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ പിതാവാണ് മുറിവ് കഴുകിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘സോപ്പ് വാങ്ങിച്ചുകൊണ്ട് വന്ന് ഞങ്ങൾ തന്നെയാണ് മുറിവ് കഴുകിയത്. നാല് മണിക്കൂറിനകം ചെയ്യേണ്ടതെല്ലാം ചെയ്തുവെന്നാണ് ആശുപത്രിയിൽ നിന്ന് അറിയിച്ചത്. അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ അല്ല കടിച്ചത്. വീട്ടിൽ വൈറസ് ബാധിച്ച നായയെ ആരോ ഇറക്കി വിട്ടതാണ്’ – കുട്ടിയുടെ അമ്മ പറഞ്ഞു.

ഓഗസ്റ്റ് 13ന് രാവിലെ അയൽവീട്ടിലേക്ക് പാൽ വാങ്ങാൻ പോയ അഭിരാമിയെ റോഡിൽ വച്ചാണ് നായ കടിച്ചത്. മുഖത്തും കണ്ണിനും കഴുത്തിനും കാലിനുമാണ് കടിയേറ്റത്. പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് മൂന്ന് ഡോസ് വാക്‌സിനെടുത്തു. നാലാമത്തേത് ഈ മാസം പത്തിനായിരുന്നു. അതിനിടെ ആരോഗ്യനില മോശമായി. ഭക്ഷണവും വെള്ളവും കഴിക്കാനാകാതെ അവശനിലയിലായ കുട്ടിക്ക് എഴുന്നേൽക്കാൻ പോലും കഴിയാതെ വന്നു. വീണ്ടും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മൈലപ്ര സേക്രട്ട് ഹാർട്ട് സ്‌കൂളിലെ ഏഴാംക്‌ളാസ് വിദ്യാർത്ഥിനിയാണ് അഭിരാമി. മൂന്ന് ഡോസ് വാക്‌സിൻ കുത്തിവച്ചിട്ടും കുട്ടിയുടെ ആരോഗ്യ സ്ഥിതി മോശമായതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ബന്ധുക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മരുന്നിന്റെ ഗുണനിലവാരത്തെപ്പറ്റി സംശയമുണ്ടെന്നും കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.

Hot Topics

Related Articles